കണ്ണൂർ ഗവ. ഐടിഐയിൽ എഐ, സോളാർ ടെക്‌നീഷ്യൻ, ത്രീഡി പ്രിൻറിംഗ് ട്രേഡുകൾ അനുവദിക്കും



വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ ഗവ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ഗവ ഐടിഐയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സോളാർ ടെക്നീഷ്യൻ, ത്രീഡി പ്രിന്റിങ് എന്നീ അതിനൂതന ട്രേഡുകൾ
അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രേഡുകൾ അടുത്ത വർഷം പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
നൈപുണ്യ പരിശീലന രംഗത്ത് സ്വദേശത്തും വിദേശത്തും മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ വിദഗ്ധ പരിശീലനമാണ് ഐ.ടി.ഐകൾ നൽകുന്നത്. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക വികസന മേഖലകളിൽ കേരളം എന്നും മുൻനിരയിലാണ്. ഐടിഐകൾ ഈ വിജയത്തിലെ അവിഭാജ്യ ഘടകമാണെന്നും മന്ത്രി പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ ഉൾപ്പെടെ എല്ലാവർക്കും സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിൽ സംസ്ഥാനം ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മുതൽ ഓട്ടോമൊബൈൽ മെക്കാനിക്സ് വരെയുള്ള പാരമ്പര്യേതര ട്രേഡുകളിൽ ഐടിഐകൾ സ്ത്രീകളെ പിന്തുണയ്ക്കുന്നുണ്ട്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ രംഗത്ത് സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ഗവ ഐടിഐയിൽ നിലവിലുള്ള ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് ട്രേഡിന് കേരള പി.എസ്.സിയുടെ അംഗീകാരം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഇലക്ട്രിക്കൽ ഇൻസ്റ്റാലേഷൻ വിഭാഗത്തിൽ അവാർഡ് നേടിയ വിദ്യാർഥി അഭിനവിനെയും മെന്റർ എം.എം മനോജിനെയും മന്ത്രി വി. ശിവൻകുട്ടി ആദരിച്ചു.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കിഫ്ബി വഴി 13.81 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ ഒന്നാം ഘട്ടമായി 4.1 കോടി രൂപ ചെലവിൽ കെയ്സിന്റെ മേൽ നോട്ടത്തിലാണ് കെട്ടിടസമുച്ചയം നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ ഭിന്നശേഷി സൗഹൃദത്തിന്റെ ഭാഗമായി ലിഫ്റ്റ് സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അതിനൂതന ട്രേഡുകൾക്ക് അനുയോജ്യമായ ക്ലാസ്‌റൂമുകൾ, വർക്ക് ഷോപ്പുകൾ, മാലിന്യനിമാർജ്ജന സംവിധാനങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കെ.എ.എസ്.ഇ പ്രൊജക്ട് മാനേജർ എസ്.ശിവദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഓഫ് ട്രെയിനിങ് ആൻഡ് സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസർ സൂഫിയാൻ അഹമ്മദ്, കണ്ണൂർ റീജ്യനൽ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പി വാസുദേവൻ, ട്രെയിനിങ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ എ. ഷമ്മി ബക്കർ, കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.ടി ഗംഗാധരൻ, വ്യവസായ പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സുരേഷ് കുമാർ, വ്യവസായ പരിശീലന വകുപ്പ് കോഴിക്കോട് മേഖല ട്രെയിനിങ് ഇൻസ്പെക്ടർ എസ്.വി അനിൽകുമാർ, കണ്ണൂർ ഐ.ടി.ഐ പ്രിൻസിപ്പൽ ബി.എസ് ദിലീപൻ, കണ്ണൂർ ഗവ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രമോദ് ചാത്തമ്പള്ളി, ഗവ വനിത ഐ.ടി.ഐ പ്രിൻസിപ്പൽ എം.പി വത്സൻ, ഐ.എം.സി ചെയർമാൻ ഡോ. ജോസഫ് ബനബൻ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് (റിട്ട) ടി മനോജ് കുമാർ, പിടിഎ പ്രസിഡന്റ് പി ഷാജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement