ഇരിട്ടി : ഇരിട്ടി കല്ലുമുട്ടിയിൽ വട്ട്യറ പുഴയില്‍ ഒഴുക്കിൽ പെട്ട് യുവാവ് മരിക്കാനിടയായ സംഭവത്തിൽ യുവാന്റെ സുഹൃത്തുക്കളായ മൂന്നു പേരെ ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തു. ആറളം ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) മരിക്കാനിടയായ സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി.കെ. സാജിർ (46), മുരുങ്ങോടി മുള്ളൻ പറമ്പത്ത് വീട്ടിൽ എ.കെ. സജീർ എന്നിവരെയാണ് ഇരിട്ടി ഇൻസ്‌പെക്ടർ കെ . കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത് . മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത ഇവരെ കോടതി റിമാൻറ്റ് ചെയ്തത് .
സെപ്റ്റംബർ 5 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം . സുഹൃത്തുക്കളോടൊപ്പം ഉച്ചക്ക് ഒരുമണിയോടെ വട്ട്യറ പുഴയിൽ കുളിക്കാൻ എത്തിയ ജോബിനെ നാലു മണിയോടെ ഒഴുക്കിൽ പെട്ട് കാണാതാകുക ആയിരുന്നു . രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ച് വച്ച നിലയില്‍ കണ്ടെത്തിയത്. ജോബിന്‍ ഒഴുക്കിൽ പെട്ടിരിക്കാം എന്ന സംശയിച്ചിരുന്നെങ്കിലും പിറ്റേന്ന് രാവിലെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇരിട്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ മൂന്നാം ദിവസമാണ് സമീപത്തെ കടവിൽ നിന്നും ജോബിന്റെ മൃതദേഹം ലഭിക്കുന്നത്.
ആദ്യം പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇവർ പറഞ്ഞത് വിശ്വസിച്ച് വിട്ടയക്കുകയായിരുന്നു . ജോബിന്റെ മരണത്തിൽ സംശയം ഉണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവിൽ എത്തിയ ജോബിൻ കുളിക്കുന്നതിനിടയിൽ ഇവരുമായി വാക്കേറ്റമുണ്ടാവുകയും ചെറിയ ഉന്തും തല്ലും ഉണ്ടാവുകയും ചെയ്തു . ഇതിനിടയില്നി യുവാവ് ഒഴുക്കിൽ പെട്ടത് . ഇതോടെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ മൂണും പേരും ഇവിടെ നിന്നും രക്ഷപ്പെട്ടു . അപകടത്തിന് മുൻപ് ജോബിൻ ബന്ധുവിനെ ഫോണിൽ വിളിച്ചപ്പോൾ പുഴക്കരയിൽ എത്തിയ കാര്യം പറയുകയും കൂടെയുള്ള സുഹൃത്തുക്കളുടെ പേരും പറഞ്ഞിരുന്നു . ഇതോടെയാണ് സംശയം തീർക്കാനായിപോലീസ് വീണ്ടും ഇവരെ വിളിച്ചു വരുത്തിയത്. വിശദമായി നടത്തിയ ചോദ്യം ചെയ്യലിൽ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് വന്നതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത് . ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷറഫുദീൻ , സന്തോഷ് , അശോകൻ ,സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷിഹാബുദീൻ, ബിജു എന്നിവരും പങ്കെടുത്തു.
Post a Comment