മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ആരോഗ്യത്തിന് മഹാ വിപത്ത്: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പഠന റിപ്പോർട്ട്



മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠന റിപ്പോർട്ടിൽ ക്യാൻസർ അടക്കമുള്ള മാരക അസുഖങ്ങൾക്ക് ഇടയാക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മണ്ണിലും ജലത്തിലും വായുവിലും കൂടി വരുന്നതായി കണ്ടെത്തൽ.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി പഠനം നടത്തിയത്. അഴീക്കോട് ചാൽ ബീച്ച് മുതൽ അഴീക്കൽ വരെയുള്ള പ്രദേശത്തെ കുടിവെള്ളവും കടൽ വെള്ളവും പ്രധാനമായും പഠന വിധേയമാക്കിയത്. ഒരു ലിറ്റർ കടൽ വെള്ളത്തിൽ 2640 മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെക്കാൾ വളരെ കൂടുതലാണ്. നൈലോൺ പോളിസ്റ്റൈറിങ് തുടങ്ങിയവയുടെ നാരുകളാണ് കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജലത്തിൽ പ്ലാസ്റ്റിക് പെയിൻ്റുകളുടെ അംശം കൂടുതലായും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പ്ലാസ്റ്റിക് കണങ്ങളുടെ ഓക്സീകരണം കൂടുതലായതിനാൽ ശ്വാസകോശങ്ങളുടെ വായു അറകളെ നശിപ്പിക്കുകയും കരളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ എൻസൈമുകളുടെ ഉൽപാദന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഭ്രൂണ വളർച്ചയിലെ വ്യത്യാസം, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, ഉദര സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, അർബുദം തുടങ്ങിയവയ്ക്ക് മൈക്രോപ്ലാസ്റ്റിക്ക് കാരണമാകുന്നതായി റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിന് നിരവധിയായ കാരണങ്ങൾ പുതിയ ജീവിത ക്രമത്തിലുണ്ടെന്ന് പഠനം പറയുന്നു. കിണർ കപ്പിയിലുപയോഗിക്കുന്ന നൈലോൺ കയറുകൾ, കിണറിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വലകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിങ് ബോർഡുകൾ, പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബർ, സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് തുടങ്ങിയ നിരവധിയായ കാരണങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട് പറയുന്നു.
ഈ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനും മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിന് ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുവാൻ നിരവധിയായ പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്. അതിൻ്റെ ആദ്യ പടിയായി ബോധവൽക്കരണം, സെമിനാറുകൾ എന്നിവയും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിവിധ പരിപാടികളും വ്യത്യസ്തങ്ങളായ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് ഇടയാക്കുന്ന പുതിയ വസ്തുക്കളുടെ നിർമ്മാണ സംരംഭങ്ങൾ ആരംഭിക്കുവാൻ കർമ്മ പദ്ധതി തയ്യാറാക്കുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക്കിനെതിരെ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ക്യാമ്പെയിനിൻ്റെ ലോഗോ നവംബർ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹരിതകർമ്മസേനാംഗങ്ങളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും, ശാസ്ത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ പുറത്തിറക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് ഇത്തരമൊരു പഠനവും റിപ്പോർട്ടും കേരളത്താലാദ്യമായിട്ടാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ മുൻകൈയിൽ നടക്കുന്നത്.
.................................................
കണ്ണൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ ഡോ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലെ കാര്യങ്ങൾ പലതും ഭയപ്പെടുത്തുന്നതാണ്. മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ പദ്ധതികൾ അനിവാര്യമാണ്. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പല വസ്തുക്കളിലൂടെയും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും.
*കെ.സി ജിഷ ടീച്ചർ പ്രസിഡന്റ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്*
.................................................
ജലത്തിലും വായുവിലും പ്ലാസ്റ്റിക്ക് കണങ്ങൾ വർദ്ധിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ വിദഗ്‌ധരുമായി ബന്ധപ്പെട്ട് ഈ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമം നടത്തും.
*അബ്ദുൾ നിസാർ വായിപ്പറമ്പ് വൈസ് പ്രസിഡണ്ട്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്*
.................................................
പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും സ്പർശനത്തിലൂടെയും ആണ്. ഒരു വർഷം ശരാശരി 52,000 മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗ വാഹിനികളെ മൈക്രോപ്ലാസ്റ്റിക് പ്രതലത്തിൽ ശേഖരിക്കുവാനുള്ള കഴിവ് ഉണ്ട്. ആയതിനാൽ ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗൌരവമേറിയതാണ്.

*ഡോ. എം. കെ സതീഷ് കുമാർ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ*
.................................................

Post a Comment

Previous Post Next Post

Join Whatsapp

Advertisement