ഇരിട്ടി: ബംഗളൂരുവിൽ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം ഡി എം എയുമായി ബംഗാൾ സ്വദേശിനി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും ചേർന്ന് കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ മയക്കുമരുന്ന് സഹിതം പിടിയിലാകുന്നത്. എം ഡി എം എ കടത്താനുപയോഗിച്ച കാറും സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ .
പോലീസ് കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. ജില്ലയിലെ പ്രധാനമയക്കുമരുന്ന് കടത്തുസംഘത്തിൽപ്പെട്ടവരാണ് ഇരുവരും. പ്രതികൾ പയ്യാമ്പലം ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചു വരികയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോടും ഉൾപ്പെടെ ഇരുവരും മയക്കുമരുന്ന് നടന്ന് വില്പ്പന നടത്തി വരികയായിരുന്നു. ഇവരെക്കുറിച്ച് എസ് പിയുടെ സ്‌ക്വാഡിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര. ഇവർക്കുവേണ്ടി ഇവർ സഞ്ചരിക്കുന്നു എന്ന് കരുതുന്ന പലറുട്ടുകളിലും പോലീസ് വലവിരിച്ചെങ്കിലും ഇവരുടെ നീക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിൽ നിന്നും എം ഡി എം എയുമായി വരുന്ന വഴി മൊബൈൽ ഫോൺ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ വലയിലാകുന്നത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment