ഇരിട്ടി: പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ പുഴയോരത്തോട് ചേർന്ന പാർക്ക് നവീകരിച്ച് ഹരിതകർമ്മസേന. കെ എസ് ടി പി സ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി- കൂട്ടുപുഴ റോഡരികിൽ കല്ലുമുട്ടിയിൽ പുഴയോരത്തോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലത്ത് പാർക്ക് നിർമ്മിച്ചിരുന്നു. എന്നാൽ നാഥനില്ലാതായതോടെ ഈ പാർക്ക് കാടുകയറി നശിച്ച് മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമായി അടുത്തകാലത്ത് മാറുകയായിരുന്നു. പായം ഗ്രാമപഞ്ചായത്ത് ഈ സ്ഥലം ഏറ്റെടുക്കുകയും ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തി ആരംഭിക്കുകയും ചെയ്തു . പാർക്ക് ശുചീകരിച്ച് പൂച്ചെടികൾ വെച്ചുപിടിപ്പിച്ച് ഇരിപ്പിടം ഒരുക്കി ഇതുവഴിയുള്ള യാത്രക്കാർക്ക് പുഴയുടെ ഭംഗി കണ്ട് വിശ്രമിക്കാൻ സാധിക്കും വിധമാണ് പാർക്ക് ഒരുക്കുന്നത്. പാർക്കിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. സാജിത്ത് , ബിജു കോങ്ങാടൻ, സെക്രട്ടറി ഇൻ ചാർജ് കെ.ജി. സന്തോഷ്, ഹരിത കേരള മിഷൻ ആർ പി ജയപ്രകാശ് പന്തക്ക, സജിത, ഗിരിജ ,ബിനീഷ് വർഗീസ്, കെ. രാജേഷ്, വി. ജി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Post a Comment