ഇരിട്ടി: ബാരാപ്പോൾ പുഴയുടെ ഭാഗമായ വട്ട്യറ പുഴയില്‍ യുവാവിനെ കാണാതായി. ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിനെ (33) ആണ് കാണാതായത്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വ്യാഴാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്ന ജോബിന്‍ വട്ട്യറ തോണിക്കടവില്‍ എത്തുന്നത്. സുഹൃത്തുക്കള്‍ മടങ്ങിയെങ്കിലും ജോബിന്‍ അവിടെ തന്നെ നില്‍ക്കുകുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. രാത്രിയിലും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ച് വച്ച നിലയില്‍ കണ്ടെത്തിയത്. ജോബിന്‍ പുഴയില്‍ പോയതാകാമെന്ന സംശയത്തിലാണ് ഇരിട്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയതെങ്കിലും സന്ധ്യവരെ കണ്ടെത്താനായിട്ടില്ല.
Post a Comment