സുപ്രീം കോടതിയുടെ മാർഗ്ഗനിർദേശ പ്രകാരമുള്ള രൂപ കല്പനയും ഉള്ളടക്കവും അടങ്ങിയ തലശ്ശേരി ജില്ലാ കോടതിയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് സെപ്റ്റംബർ 18ന് നിലവിൽ വരും. https://kannur.dcourts.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം. പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടി ലഭിക്കുന്നതാണ് പുതിയ വെബ്സൈറ്റ്.
തലശ്ശേരി ജില്ലാ ജഡ്ജിയുടെ കോടതി, അഡീഷണൽ ജില്ലാ ജഡ്ജിയുടെ കോടതികൾ, ഫാസ്റ്റ് ട്രാക്ക് കോടതി. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബൂണൽ, പ്രിൻസിപ്പൽ സബ് കോടതി, മുൻസീഫ് ജുഡീഷ്യൽ ടിറ്റ് കോടതി, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, ജുവനൈൽ കോടതി (പ്രായപൂർത്തിയാകാത്തവരെ വിചാരണ ചെയ്യുന്ന കോടതി) തുടങ്ങി പന്ത്രണ്ടോളം കോടതികളും കുടുംബകോടതി, മനുഷ്യാവകാശ കമ്മീഷൻ, വർക്ക് മെൻസ് കോമ്പൻസേഷൻ കോടതി, അപ്പലെറ്റ് ബിൽ എന്നിങ്ങനെ ക്യാമ്പ് സിറ്റിങ്ങിനുള്ള കോടതികളും പ്രവർത്തിക്കുന്നതാണ് തലശ്ശേരി കോടതി സമുച്ചയം.
1794 ലാണ് വടക്കെ മലബാർ പ്രവിശ്യയുടെ ആസ്ഥാനമായ തലശ്ശേരിയിലും തെക്കെ മലബാർ പ്രവിശ്യയുടെ ആസ്ഥാനമായി ചെർപ്പുളശ്ശേരിയിലും മധ്യഭാഗത്തിന്റെ ആസ്ഥാനമായി കോഴിക്കോടും പ്രത്യേക ജുഡീഷ്യൽ അധികാരം നൽകിക്കൊണ്ട് കോടതികൾ നിലവിൽ വന്നത്. മൂന്ന് ജഡ്ജിമാരടങ്ങിയ പ്രവിശ്യാ കോടതിയായിരുന്നു തുടക്കത്തിൽ. അതിൽ രണ്ട് പേർ സഞ്ചരിക്കുന്ന സർക്കീട്ട് ജഡ്ജിമാരായിരുന്നു.
1816 ലാണ് തലശ്ശേരിയിൽ ഡിസ്ട്രിക് മുൻസിഫ് കോടതി നിലവിൽ വന്നത്. 1845 ൽ കോടതികളെല്ലാം നിർത്തികൊണ്ട് സിവിൽ ആന്റ് സെഷൻസ് കോടതി, പ്രിൻസിപ്പൽ സാർ ആൻ കോടതി എന്നിവ നിലവിൽ വന്നു. സിവിൽ ആന്റ് സെഷൻസ് കോടതി ഇപ്പോഴത്തെ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയും പ്രിൻസിപ്പൽ സാദർ അമീൻ കോടതി, പ്രിൻസിപ്പൽ സബോർഡിനേറ്റ് കോടതിയായും മാറുന്നത് 1873 ലാണ്.
Post a Comment