ബേപ്പൂര്‍ ഹാര്‍ബര്‍ പൂട്ടാന്‍ ഉത്തരവ്; മത്സ്യബന്ധനത്തിന് പോയവര്‍ ചെയ്യേണ്ടത്


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ബേപ്പൂര്‍ ഹാര്‍ബര്‍ അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ല. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ലേലത്തിനും മത്സ്യക്കച്ചവടത്തിനും വെള്ളയില്‍, പുതിയാപ്പ ഹാര്‍ബറുകള്‍ ഉപയോഗിക്കാം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഫിഷറീസ് വകുപ്പ് ചെയ്തു നല്‍കണം. ഹാര്‍ബര്‍ പൂട്ടിയിടാന്‍ തീരുമാനിച്ച വിവരം മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി അറിയിക്കണമെന്നും ഫിഷറീസ് വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു. 

ചെറുവണ്ണൂരില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരണനിരക്ക് കൂടുതലുള്ള അതീവ ഗൗരവമുള്ള രോഗബാധയാണ് നിപ. അതുകൊണ്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. 

Post a Comment

Previous Post Next Post

Join Whatsapp

Advertisement