വിദ്യാർഥികളുടെ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ച സമയം ശനിയാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്തെ പകുതിപോലും വിവരങ്ങൾ ചേർക്കുന്ന നടപടി പൂർത്തിയായില്ല.
വിവരങ്ങൾ ചേർക്കാനുള്ള യുഡൈസ് പ്ലസ് പോർട്ടലിൽ ചേർക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചുള്ള കേന്ദ്രത്തിന്‍റെ കത്ത് ജൂൺ 26ന് സംസ്ഥാനത്തിന് ലഭിച്ചിരുന്നെന്ന രേഖയും പുറത്തുവന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി രണ്ടുമാസം മുമ്പ് ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. വിവരങ്ങൾ നൽകുന്നതിന് വൈമനസ്യം കാണിച്ച സാഹചര്യത്തിലായിരുന്നു കത്ത്. വിഷയത്തിൽ ഇടപെട്ട് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാനും ജൂൺ 30നകം പൂർത്തിയാക്കാനും നിർദേശിച്ചു.
വിവരങ്ങൾ സമർപ്പിക്കാതിരിക്കുന്നത് കേന്ദ്രത്തിന്‍റെ ബജറ്റിൽ സംസ്ഥാന വിഹിതത്തെയും സമഗ്രശിക്ഷ അഭിയാൻ, പി.എം.പി.വൈ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനുശേഷം കേന്ദ്രം നീട്ടിനൽകിയ സമയമാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പൂർത്തിയാകുന്നത്. ഇതുസംബന്ധിച്ച നിർദേശങ്ങൾ ആഗസ്റ്റ് 16നാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് സ്കൂൾതലത്തിലേക്ക് പോയത്. സ്കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ഡയറക്ടറുടെ നിർദേശം. പരീക്ഷ പൂർത്തിയായതോടെ സ്കൂളുകൾ ഓണാവധിക്കായി അടച്ചു.
വിവരങ്ങൾ അടിയന്തരമായി വെബ്സൈറ്റിൽ നൽകണമെന്ന നിർദേശം വന്നതോടെ അധ്യാപകർ ഓണാവധിക്കിടയിലും വിവരങ്ങൾ ചേർക്കേണ്ട ജോലി ചെയ്യേണ്ടിവന്നു. കഴിഞ്ഞവർഷം സ്കൂൾ പഠനം പൂർത്തിയാക്കിയവരുടെയും പ്രീപ്രൈമറി വിദ്യാർഥികളുടെയും വിവരശേഖരണവും അധ്യാപകരെ വലച്ചിട്ടുണ്ട്. ഇതോടെയാണ് വിവരം നൽകുന്നതിൽ സംസ്ഥാനം പിറകിലായത്.
അതേസമയം, വിദ്യാർഥികളുടെ ആധാർ ഉൾപ്പെടെ സെൻസിറ്റീവായ ഡാറ്റ കൈമാറുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഒടുവിൽ ആധാർ, ഫോൺ നമ്പർ എന്നിവ ഒഴിവാക്കി വിവരം നൽകാനായിരുന്നു വാക്കാലുള്ള നിർദേശം.
അപ്പോഴേക്കും ഒട്ടേറെ വിദ്യാർഥികളുടെ ആധാർ ഉൾപ്പെടെ വിവരങ്ങൾ അധ്യാപകർ അപ്ലോഡ് ചെയ്തിരുന്നു. വിവരങ്ങൾ അപ്ലോഡ് ചെയ്ത് പൂർത്തിയാകാത്ത സാഹചര്യത്തിൽ സമയം നീട്ടണമെന്ന് സംസ്ഥാനം കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ ശനിയാഴ്ച തീരുമാനമറിയുമെന്നാണ് സൂചന. വെള്ളിയാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിനുശേഷം പുറത്തിറക്കിയ സർക്കുലറിലും ശനിയാഴ്ച വൈകീട്ട് അഞ്ചിനകം വിദ്യാർഥികളുടെ വിവരങ്ങൾ അതീവ ശ്രദ്ധയോടെ നൽകി പൂർത്തീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ആധാർ, രക്ഷാകർത്താവിന്‍റെ ഫോൺ നമ്പർ തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ നൽകേണ്ടതില്ലെന്ന് നേരത്തേ നിർദേശിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയിലെ സർക്കുലറിൽ രക്ഷാകർത്താവിന്‍റെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതില്ലെന്ന് മാത്രമാണ് നിർദേശിച്ചത്. ഇതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
Post a Comment