ഇരിട്ടി: പുതിയ പാലത്തിന് സമീപം മാലിന്യം തള്ളിയിരുന്ന പ്രദേശം ശുചിയാക്കി നിര്‍മ്മിച്ച ഗ്രീന്‍ലീഫ് പാര്‍ക്കും വള്ളിത്തോട് മാലിന്യം നിറഞ്ഞ സ്ഥലത്ത് നിര്‍മിച്ച ഒരുമ പാര്‍ക്കും മാതൃകയാണെന്ന് കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരിട്ടിയില്‍ ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയും വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീമും നിര്‍മിച്ച പാര്‍ക്കുകള്‍ സന്ദര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഴശ്ശി സംഭരണി തീരത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഇക്കാര്യത്തില്‍ വിവിധ വകുപ്പ് പ്രതിനിധികളെയും മാലിന്യ മുക്ത നവകേരള കര്‍മ്മപദ്ധതി പ്രതിനിധികളെയും ഏകോപിപ്പിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ഇടപെടല്‍ നടത്തും. റോഡരികുകളില്‍ പുഷ്പിക്കുന്ന മരങ്ങള്‍ വെച്ചു പിടിപ്പിക്കും. സംസ്ഥാനാന്തര പാതയില്‍ കര്‍ണാടകയില്‍ നിന്നുള്ള പ്രവേശന കവാടം കൂടിയായ കൂട്ടുപുഴ മുതല്‍ ഇരിട്ടി ടൗണ്‍ വരെ ആദ്യ ഘട്ടമായി ഈ പദ്ധതി നടപ്പാക്കും. പായം പഞ്ചായത്തിന്റെയും വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളുടെയും ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെയും സഹകരണത്തോടെയാണ് വഴിയരികുകളില്‍ ഉദ്യാനഭംഗി കൈവരിക്കുന്നതിനുള്ള പുതു പദ്ധതി നടപ്പാക്കുക.
മണിമരുത്, കണികൊന്ന, മെയ്ഫ്‌ളവര്‍ തുടങ്ങി റോഡരികുകളില്‍ നട്ടുപിടിപ്പിക്കാന്‍ സാധ്യമാകുന്ന മരങ്ങളുടെ വിവര ശേഖരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, സ്ഥിരസമിതി അധ്യക്ഷന്‍ മുജീബ് കുഞ്ഞിക്കണ്ടി, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ടി.എ. ജസ്റ്റിന്‍, സെക്രട്ടറി പി. അശോകന്‍, ട്രഷറര്‍ ജുബി പാറ്റാനി, വൈസ് പ്രസിഡന്റ് പി.വി. ബാബു, നിര്‍വാഹകസമിതി അംഗങ്ങളായ പി.പി. രജീഷ്, പി. സുനില്‍കുമാര്‍, ഇ. രജീഷ്, ബിനു കുളമക്കാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment