അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. ഏകദേശം 2000 തൊഴിലാളികള്‍ ഉള്ള പ്രദേശമായ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്.
തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആന ഇവിടെ എത്തിയത്.
കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്. അരിക്കൊമ്പൻ ഇന്നലെ രാത്രി മാത്രം 10 കിലോമീറ്ററാണ് നടന്നത്. ഇപ്പോള്‍ ആന കുതിരവട്ടിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതും സംരക്ഷിത വനമേഖലയാണെന്നാണ് തമിഴ്നാട് വനം വകുപ്പ് അറിയിക്കുന്നത്. ആന കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് തമിഴ്നാട് വനം വകുപ്പ് ഉറപ്പിച്ച് പറയുന്നത്. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശം ആണെന്നും അതിനാല്‍ അരിക്കൊമ്പൻ കേരളത്തില്‍ എത്തില്ലെന്നും തന്നെയാണ് അവര്‍ വ്യക്തമാക്കുന്നത്. അരിക്കൊമ്ബനെ കേരളത്തിലെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് തള്ളിയിരുന്നു. ആനയെ എവിടെ വിടണമെന്ന് നിര്‍ദേശിയ്ക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും അത് തീരുമാനിയ്‌ക്കേണ്ടത് വനംവകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
തിരുനെല്‍വേലി വനമേഖലയില്‍ അരിക്കൊമ്പൻ സുഖമായി ഇരിയ്ക്കുന്നുവെന്ന് വനംവകുപ്പ് അന്ന് കോടതിയില്‍ അറിയിച്ചിരുന്നു. നേരത്തെ, അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ട്വന്റിട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് കേരളാ ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടിരുന്നു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചിരുന്നു. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ഈ സ്ഥിതിക്ക് എന്തിന് ആനയെ തിരികെ കൊണ്ട് വരണമെന്നായിരുന്നു അന്ന് കോടതി ചോദിച്ചത്. അരിക്കൊമ്പൻ ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്.
Post a Comment