സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ അറിയിക്കാൻ 'അപരാജിത ഓൺലൈൻ'



സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് ഉള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. അപരാജിത ഓൺ ലൈൻ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.

പരാതിക്കാർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിന് ആണ് ഈ സംവിധാനമെന്ന് പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമ നടപടികൾ സ്വീകരിക്കുക എന്നതും പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നു.

വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

aparajitha.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ, 9497996992 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ പരാതികൾ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും പൊലീസ് അറിയിച്ചു.

ലഭിക്കുന്ന പരാതികൾ പ്രാഥമിക പരിശോധനക്ക് ശേഷം ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറും. അതിന്മേൽ ജില്ലാ പോലീസ് മേധാവിമാർ അടിയന്തര നടപടി സ്വീകരിക്കും. സൈബർ പോലീസ് സ്റ്റേഷൻ, സൈബർ സെൽ, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം തുടങ്ങിയവയുടെ സഹായവും അന്വേഷണത്തിനായി ഉപയോഗിക്കും. കുറ്റവാളിയെ തിരിച്ചറിഞ്ഞ ശേഷം പരാതിക്കാരനെ അറിയിക്കുകയും നിയമപരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement