കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ എന്ന് മന്ത്രി പി രാജീവ്. 40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ ആണ് സുപ്രീം ഡെകോർ കേരളത്തെ തെരഞ്ഞെടുത്തതെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സുപ്രീം ഡെകോർ തങ്ങളുടെ യൂണിറ്റ് വിപുലീകരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും മനസിലാക്കിയ ശേഷം കേരളത്തിൽ തന്നെ യൂണിറ്റ് ആരംഭിക്കാമെന്ന് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്
40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.
ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് മാനുഫാക്ചറിങ്ങ് യൂണിറ്റ് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാളും സഹോദരൻ അജയ് അഗർവാളും ചേർന്നാണ് പൂനെയിൽ ആരംഭിക്കുന്നത്. മികച്ച പ്രവർത്തനം സാധ്യമായതോടെ ഈ യൂണിറ്റ് വിപുലീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ഗുജറാത്തോ കർണാടകയോ ലക്ഷ്യസ്ഥാനമായി കാണുകയും ചെയ്തു. എന്നാൽ കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞതിന് ശേഷം കേരളത്തിൽ യൂണിറ്റ് ആരംഭിക്കാമെന്ന് ഉടമകൾ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഒരുലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടമാണ് സുപ്രീം ഡെകോർ അനന്തപുരം വ്യവസായ പാർക്കിൽ നിർമ്മിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തിൽ 5 ഏക്കർ ഭൂമിയാണ് സുപ്രീം ഡെകോറിനായി അനുവദിച്ചിരുന്നത്. ഈ സ്ഥലത്ത് വളരെ വേഗത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതോടെയാണ് കാസർഗോഡിന് മുതൽക്കൂട്ടാകുന്ന സംരംഭത്തിന് 5 ഏക്കർ കൂടി ഭൂമി വീണ്ടും അനുവദിച്ചത്. പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 40 കോടി രൂപയുടെ നിക്ഷേപവും പ്രത്യക്ഷത്തിൽ 350 പേർക്കും പരോക്ഷമായി 400 പേർക്കും തൊഴിൽ ലഭ്യമാക്കുന്ന ഈ മാനുഫാക്ചറിങ്ങ് യൂണിറ്റ് കാസർഗോഡിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 13 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ഉന്നത നിലവാരത്തിലുള്ള പാർട്ടിക്കിൾ ബോർഡുകൾ ലഭ്യമാകുന്നതോടെ ഓഫീസ് ടേബിൾ, കിച്ചൺ ക്യാബിനറ്റുകൾ തുടങ്ങിയവ നിർമ്മിച്ചു നൽകുന്ന മറ്റ് വ്യവസായങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Post a Comment