ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കി വയാകോം 18. 2023 മുതൽ 2028 വരെയുള്ള അഞ്ചു വർഷത്തെ മത്സരങ്ങളുടെ സംപ്രേഷണാവകാശം 5,966.4 കോടി രൂപക്കാണ് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം സ്വന്തമാക്കിയത്. ബിസിസിഐ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഡിജിറ്റൽ റൈറ്റ്സ് വിൽപ്പനയിലൂടെ 3,101 കോടി രൂപയും, ടിവി റൈറ്റ്സിലൂടെ 2,862 കോടി രൂപയുമാണ് ബിസിസിഐയ്ക്ക് ലഭിക്കുക.
ടീം ഇന്ത്യയുടെ ഹോം മത്സരങ്ങൾ, ഐപിഎൽ (ഡിജിറ്റൽ), വനിതാ ഐപിഎൽ, ഒളിമ്പിക്സ് 2024, എസ്എ ഹോം മത്സരങ്ങൾ 2024, ടി10 ലീഗ്, റോഡ് സേഫ്റ്റി വേൾഡ് സീരീസ്, എസ്എ20, എൻബിഎ, സീരി എ, ലാ ലിഗ, ലീഗ് വൺ, ഡയമണ്ട് ലീഗ് എന്നിവയാണ് വയാകോം സംപ്രേഷണം ചെയ്യുക. ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങൾ സ്‌പോർട്‌സ് 18 ടിവിയിൽ സംപ്രേഷണം ചെയ്യും. അതേസമയം ഒടിടി പ്ലാറ്റ്‌ഫോമായ ജിയോസിനിമയിൽ തത്സമയം സംപ്രേഷണം ചെയ്യും.
വ്യാഴാഴ്ച ഓൺലൈനായി നടന്ന ലേലത്തിൽ സോണി പിക്ചേഴ്സ് നെറ്റ്‍വർക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ശക്തമായി രംഗത്തുണ്ടായിരുന്നു. സംപ്രേഷണാവകാശം സ്വന്തമാക്കിയ വയാകോം 18നെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അഭിനന്ദിച്ചു. അടുത്ത അഞ്ചു വർഷത്തേക്കുള്ള ബി.സി.സി.ഐ മത്സരങ്ങളുടെ ലീനിയർ, ഡിജിറ്റൽ സംപ്രേഷണാവകാശം നേടിയ വയാകോം -18ന് അഭിനന്ദനങ്ങളെന്ന് ജയ് ഷാ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
'അടുത്ത 5 വർഷത്തേക്ക് ലീനിയർ, ഡിജിറ്റൽ എന്നിവയ്ക്കുള്ള ബിസിസിഐ മീഡിയ അവകാശങ്ങൾ നേടിയതിന് വയാകോം 18ന് അഭിനന്ദനങ്ങൾ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വനിതാ പ്രീമിയര്‍ ലീഗിലുമായി ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നുകൊണ്ടേയിരിക്കും. ഒപ്പം ബിസിസിഐയുടെ മാധ്യമ അവകാശങ്ങളിലുള്ള പങ്കാളിത്തം വിപുലീകരിക്കുകയും ചെയ്യും. വർഷങ്ങളായി നിങ്ങൾ നൽകിയ പിന്തുണയ്ക്ക് സ്റ്റാർ ഇന്ത്യയ്ക്കും ഡിസ്നി പ്ലസ് എച്ച്എസിനും വലിയ നന്ദി. ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ഇന്ത്യൻ ക്രിക്കറ്റിനെ എത്തിക്കുന്നതിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചു', ഷാ കുറിച്ചു.
Post a Comment