സംസ്ഥാനത്ത് നാളെ അധികസർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവീസ് നടത്താനുള്ള കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശം.
സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാർജ് വർദ്ധനവ് ചർച്ചയായിരുന്നില്ല.
വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. ചാർജ് വർധന ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകൾ മുൻപ് തന്നെ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.
Post a Comment