ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മരിച്ചു


എല്ലായിടത്തും ആരാധകരുള്ള ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ (80) അന്തരിച്ചു. സുരക്ഷാ കാരണങ്ങളുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കിഴക്കന്‍ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചതെന്ന് സൈനികന്റെ അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

റിട്ടയര്‍മെന്റിനു ശേഷം ബൊളീവിയയിലെ ഏറ്റവും വലിയ നഗരമായ സാന്റാക്രൂസില്‍ കഴിയുകയായിരുന്ന ടെറാന്‍ ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ചെഗുവേര മരണത്തിനു ശേഷവും ലോകമാകെ പ്രശസ്തനായി. ചെഗുവേരയുടെ നെഞ്ചിലേക്ക് പായിച്ച വെടിയുണ്ടയുടെ പേരില്‍ ടെറാനും ലോകം മുഴുവന്‍ അറിയപ്പെട്ടു.

ബൊളീവിയന്‍ പ്രസിഡന്റ് റെനെയുടെ ഉത്തരവ് പ്രകാരമാണ് 1967 ഒക്ടോബര്‍ 9ന് മാരിയോ ടെറാന്‍ ചെ ഗുവേരയെ വെടിവച്ച് കൊന്നത്. സി.ഐ.എ നിയോഗിച്ച ക്യൂബന്‍ ചാരന്മാരുടെ രഹസ്യ വിവരപ്രകാരം ഒക്ടോബര്‍ 8ന് ചെഗുവേരയെയും സംഘത്തെയും വളഞ്ഞ ബൊളീവിന്‍ സൈന്യം വലിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ പിടികൂടിയത്. അന്ന് ചെ ഗുവേരയ്ക്ക് പരിക്കേറ്റിരുന്നു. അദ്ദേഹം കൊല്ലപ്പെടുമ്പോള്‍ 39 വയസ് മാത്രമായിരുന്നു പ്രായം.

തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമായാണ് പില്‍ക്കാലത്ത് മാറിയോ ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

‘നിങ്ങള്‍ കൊല്ലാന്‍ പോകുന്നത് ഒരു മനുഷ്യനെയാണ്. അതുകൊണ്ടുതന്നെ കണ്ണിലേക്ക് നോക്കി വെടിവയ്ക്കൂ’ എന്ന് ചെ ഗുവേര അന്ന് പറഞ്ഞിരുന്നതായി ടെറാന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ടെറാന്‍ 30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം മാദ്ധ്യമങ്ങളില്‍ നിന്ന് അകല്‍ച്ച പാലിച്ചിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement