ന്യൂഡൽഹി: സിൽവർ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടയിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
സിൽവർ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അതുപോലെ, കേന്ദ്രത്തിനും ഉള്ളത് പദ്ധതിക്ക് അനുകൂലമായ നിലപാടല്ല എന്നാണ് കഴിഞ്ഞദിവസം റെയിൽവേ മന്ത്രി ലോക്സഭയിൽ നടത്തിയ പരാമർശങ്ങളിൽ വ്യക്തമാകുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടാൻ നേരിട്ടിറങ്ങുന്നത്.
വ്യാഴാഴ്ച മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിലായിരിക്കും കൂടിക്കാഴ്ച. പദ്ധതിക്കുണ്ടായിട്ടുള്ള തടസ്സങ്ങളെല്ലാം മറികടക്കാനുള്ള നീക്കമായിരിക്കും പിണറായി നടത്തുക എന്നാണ് സൂചന. സിൽവർ ലൈൻ പദ്ധതിയുടെ ഭാവി നിർണയിക്കുന്ന കൂടിക്കാഴ്ചയായിരിക്കും ഇതെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം കെ റെയിൽ വിഷയം യു.ഡി.എഫ്. എം.പിമാർ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഈ പദ്ധതിയുടെ പാരിസ്ഥിതിക വിഷയങ്ങളിൽ ആശങ്കയുണ്ടെന്നായിരുന്നു ഇതിനുള്ള മറുപടിയിൽ റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നത്. മുൻപ് കേന്ദ്രസർക്കാർ ഈ പദ്ധതിയോട് എടുത്ത നിലപാടിൽനിന്ന് തികച്ചും വ്യത്യസ്തവും ശക്തവുമായിരുന്നു റെയിൽവേ മന്ത്രിയുടെ ഈ നിലപാട്.
സിൽവർ ലൈൻ വിഷയം നേരത്തെ തന്നെ കേന്ദ്ര സർക്കാറിന്റെ മുൻപിൽ ഉള്ളതും, ധനമന്ത്രാലയും റെയിൽവേ മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നതുമാണ്. അതിനാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നു തന്നെയാണ് സംസ്ഥാന സർക്കാരിന്റെ വിശ്വാസം.
കെ റെയിൽ എം.ഡി. വി. അജിത് കുമാറും ഡൽഹിയിലുണ്ട്. രണ്ടുദിവസമായി അദ്ദേഹം റെയിൽവേ ഉദ്യോഗസ്ഥരുമായി നിരന്തരം ചർച്ച നടത്തിവരികയാണ്. നിലവിൽ പദ്ധതിയുടെ അലൈൻമെന്റ് ഉൾപ്പെടെയുള്ളവയിൽ തീരുമാനമാകാനുണ്ട്. സംസ്ഥാനത്ത് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാണ്. കേന്ദ്രസർക്കാരും പ്രതികൂല നിലപാട് എടുത്താൽ അത് പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
Post a Comment