ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്: ധാരണാപത്രം ഒപ്പിട്ടു



ഏപ്രില്‍ ആദ്യവാരത്തോടെ ജില്ലയിലെ ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളിലും 31 പഞ്ചായത്തുകളിലും ഹരിത മിത്രം ഗാര്‍ബേജ് ആപ്പ് നിലവില്‍ വരും. ജില്ലയിലെ 33 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് പദ്ധതി നടപ്പാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണുമായി ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 500 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍, കെല്‍ട്രോണ്‍ ഏരിയാ മാനേജര്‍ എന്നിവര്‍ ചേര്‍ന്നുള്ള തൃകക്ഷി ധാരണാ പത്രമാണ് ഒപ്പുവച്ചത്. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവയുടെ ഭൗതിക സാമ്പത്തിക പുരോഗതി, പൊതുജനങ്ങള്‍ക്കായുള്ള പരാതി പരിഹാര സെല്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മാലിന്യ സംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ ആയി സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിത മിത്രം ഗാര്‍ബേജ് ആപ്പ്. കെല്‍ട്രോണിന് പദ്ധതിത്തുക സ്ഥാപനങ്ങള്‍ കൈമാറുന്നതോടെ ഹരിതകര്‍മ്മ സേനയുള്‍പ്പെടെയുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കുന്നതിന്നും വരിസംഖ്യ അടക്കുന്നതിനുമൊക്കെ ആപ്പ് വഴി സാധ്യമാകും. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമുള്ള കസ്റ്റമര്‍ ആപ്പ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌പോര്‍ട്ടല്‍ എന്നിവ ചേര്‍ന്നതാണ് ഹരിത മിത്രം വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ശുചിത്വമിഷനെ പ്രതിനിധീകരിച്ച് അസിസ്റ്റന്‍ഡ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ആന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ പി എം രാജീവ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ കെ നാരായണന്‍, കെല്‍ട്രോണ്‍ പദ്ധതി കോര്‍ഡിനേറ്റര്‍ അഖില്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എ ഗിരാജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement