കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന് നാളെ കാസർകോട് തിരിതെളിയും. കാസർകോഡ് ഗവൺമെന്റ് കോളേജിൽ അഞ്ച് ദിവസമാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ജാഥ നടത്തി.
ഇനി കലയുടെ അഞ്ച് ദിനരാത്രങ്ങൾ. കാസർകോഡ് ഗവൺമെന്റ് കോളേജിൽ ആദ്യമായി സർവ്വകലാശാല കലോത്സവമെത്തുമ്പോൾ ആഘോഷമാക്കിമാറ്റാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. കലോത്സവത്തിന്റെ വരവറിയിച്ച് നഗരത്തിൽ നടത്തിയ വിളംബരജാഥയിൽ ഒപ്പനയും, കോല്‍ക്കളിയും പരിചമുട്ട് കളിയും ശിങ്കാരിമേളവുമെല്ലാം അണിനിരന്നു.
ഗവ.കോളേജ് പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് വിളംബര ജാഥ സമാപിച്ചത്. സാഹിത്യോത്സവം, ചിത്രോത്സവം, ദൃശ്യനാടകോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സാഹിത്യോത്സവവും ചിത്രോത്സവവും ബുധനാഴ്ച തുടക്കമാവും. വെള്ളിയാഴ്ച സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിക്കും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം 27ന് സമാപിക്കും.
Post a Comment