കേരളത്തില്‍ ചൂട് കനക്കുന്നു. ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നു രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു. ഇതേ ജില്ലകളില്‍ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരുന്നു.
കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് അറിയിച്ചു. ശരാശരിയില്‍ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്.
കോട്ടയം, കൊല്ലം ജില്ലകളില്‍ 37, തൃശൂരില്‍ 38.6, പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തില്‍ 34.5 ആയിരുന്നു. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post a Comment