കന്നഡ സിനിമാപ്രേമികള്‍ക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നു പുനീത് രാജ്‍കുമാര്‍ എന്നത് അദ്ദേഹത്തിന്‍റെ വിയോഗ സമയത്ത് നാം കണ്ടറിഞ്ഞതാണ്. പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ അന്ന് തിങ്ങിക്കൂടിയത്. ഇപ്പോഴിതാ ഈ ദിവസവും അവര്‍ക്ക് മറക്കാനാവാത്ത ഒന്നാണ്. പുനീത് അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് തിയറ്ററുകളില്‍ എത്തുന്ന ദിനമാണ് ഇന്ന്. പുനീതിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ചിത്രം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ഒരു കന്നഡ ചിത്രത്തിന് ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൗണ്ട് നല്‍കിയാണ് കര്‍ണാടകയിലെ തിയറ്റര്‍ വ്യവസായം ചിത്രത്തെ വരവേല്‍ക്കുന്നത്.
കര്‍ണ്ണാടകയില്‍ സാധാരണ വന്‍ താര ചിത്രങ്ങളൊക്കെ 300- 320 തിയറ്ററുകളിലാണ് റിലീസിനെത്തുന്നതെങ്കില്‍ ജെയിംസ് 380 തിയറ്ററുകളിലെ 450 സ്ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. കര്‍ണ്ണാടകത്തില്‍ മാത്രം ആദ്യ ദിനം 2100 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. പുലര്‍ച്ചെ മാത്രം 200 പ്രദര്‍ശനങ്ങള്‍. അതായത് കര്‍ണാടകത്തില്‍ ആദ്യ ദിനം ചിത്രത്തിന്‍റെ 10 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിന് ലഭിക്കാനിടയുള്ള പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും സാന്‍ഡല്‍വുഡിന് സംശയങ്ങളില്ല. കാരണം ബംഗളൂരു നഗരത്തില്‍ മാത്രം 4 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് ആണ് ഇന്നലെ രാത്രി വരെ നടന്നിരിക്കുന്നത്. ഇന്നത്തെ ബംഗളൂരു കളക്ഷന്‍ 5 കോടിയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മറ്റൊരു പ്രധാന സെന്‍ററായ മൈസൂരുവിലും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. 110 ഷോകളിലെ 30,000 ടിക്കറ്റുകളാണ് വിറ്റുപോയത്. കര്‍ണ്ണാടകത്തിലെ ആകെ അഡ്വാന്‍സ് ബുക്കിംഗ് 7.50- 8 കോടി രൂപയുടേതാണെന്നാണ് കരുതപ്പെടുന്നത്.
ഒരു കന്നഡ ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ കെജിഎഫ് ചാപ്റ്റര്‍ 1ന്‍റെ പേരിലാണ്. ഇതിനെ ജെയിംസ് മറികടക്കും എന്നത് മിക്കവാറും ഉറപ്പാണ്. എന്നാല്‍ ഒരു തെലുങ്ക് ചിത്രത്തിന്‍റെ പേരിലാണ് കര്‍ണ്ണാടകയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ്. രാജമൗലിയുടെ ബാഹുബലി ചാപ്റ്റര്‍ 1 തന്നെ ആ ചിത്രം. 17 കോടിയായിരുന്നു പെയ്‍ഡ് പ്രിവ്യൂ ഷോകള്‍ ഉള്‍പ്പെടെ ചിത്രം കര്‍ണ്ണാടകത്തില്‍ നിന്നു നേടിയ ഓപണിംഗ് കളക്ഷന്‍. ജെയിംസ് ഇതിനെ മറികടന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
Post a Comment