ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചു


ദോഹ: ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് 'മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം' എന്ന 'മെര്‍സ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു.


വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'മെര്‍സ്' ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്കായുള്ള ഖത്തറിലെ ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയും പരിചരണവും ഇദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. നാഷണല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഇവരെയും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണ്. കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന (MERS - CoV) വൈറസായ മെര്‍സ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്. എന്നാല്‍ ലോകമെമ്പാടും വ്യാപിച്ച നോവല്‍ കൊറേണ വൈറസുമായി (Covid - 19) ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മില്‍ വ്യത്യാസമുണ്ട്.

പൊതുജനങ്ങള്‍ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്നും ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളവും സോപ്പും ഉപയോഗിച്ചോ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ വൈദ്യ സഹായം തേടുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement