സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് തരൂര്‍; 'വിലക്കേര്‍പ്പെടുത്തിയാല്‍ സോണിയയുമായി ചര്‍ച്ച ചെയ്യും'


പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്ന് ശശി തരൂര്‍. കെപിസിസി അത്തരമൊരു നിര്‍ദേശം നല്‍കിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് തരൂര്‍ വ്യക്തമാക്കി.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയസമ്മേളനമാണെന്നും അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ ചൂണ്ടിക്കാണിച്ചു. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്ന് ഏറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎം പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സുധാകരന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. കെറെയില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ സിപിഐഎം പരിപാടിയില്‍ പങ്കെടുക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി നിര്‍ദേശം. ശശി തരൂരിന് പുറമെ കെ.വി തോമസിനെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ബിജെപിയുമായി ചേര്‍ന്ന് സമരം നടത്താന്‍ നേതാക്കള്‍ക്ക് നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും ഇത് ഇരട്ടത്താപ്പാണെന്നുമാണ് കോടിയേരി പറഞ്ഞത്.
ഏപ്രില്‍ ഒമ്പതിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും എംകെ സ്റ്റാലിന്റെയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറിലേക്കാണ് തരൂരിനെ വിളിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement