ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന സിപിഐഎം നേതാവ് മല്ലു സ്വരാജ്യം അന്തരിച്ചു


ആന്ധ്രാപ്രദേശിലെ മുതിര്‍ന്ന സിപിഐഎം നേതാവും തെലങ്കാന സമരത്തിന്റെ കമാന്ററുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. 91 വയസായിരുന്നു. ലോക്‌സഭയില്‍ നല്‍ഗൊണ്ട മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.


സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മല്ലു സ്വരാജ്യമാണ് സിപിഐഎമ്മിന്റെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ത്തിയത്. മൃതദേഹം നാളെ രാവിലെ സിപിഐഎം ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം നല്‍ഗൊണ്ട മെഡിക്കല്‍ കോളജിനു വിട്ടു നല്‍കും.

മല്ലു സ്വരാജ്യത്തിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേതെന്ന് മുഖ്യമന്ത്രി കുറിച്ചു.

‘തെലങ്കാന സമരത്തില്‍ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കര്‍ഷകരുടെ മോചനത്തിനും കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതം. അവരുടെ മുന്നിലെത്തുമ്പോള്‍ നിസ്വവര്‍ഗത്തിനായി സ്വജീവന്‍ പണയം വെച്ച് പോരാടിയ ധീര സേനാനായികയുടെ ചിത്രമാണ് മനസ്സില്‍ തെളിയുക. ലോക്‌സഭാംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജ്യത്തിന്റെ ഇടപെടലുകള്‍ സവിശേഷമായിരുന്നു. ആ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു, സഖാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു’. പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement