കണ്ണൂർ സർവകലാശാല കലോത്സവത്തിന് തിരി തെളിഞ്ഞു



യക്ഷഗാനത്തിന്‍റെയും ഭാഷാവൈവിധ്യങ്ങളുടെയും നാട്ടിൽ കലയുടെ കേളികൊട്ട്. മഹാമാരിതീർത്ത അടച്ചുപൂട്ടലുകൾക്കൊടുവിൽ കാമ്പസിൽ കൗമാരകലയുടെ വർണപ്പകിട്ട്. അഞ്ചു രാപ്പകലുകൾ നീളുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന് കാസർകോട് ഗവ. കോളജിൽ തിരിതെളിഞ്ഞു. കോവിഡാനന്തര മേളക്കാലത്തെ ഇരുകൈയും നീട്ടിയാണ് അത്യുത്തരകേരളം ഏറ്റെടുത്തത്.

കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 102 കോളജുകളിൽനിന്നായി 4280 മത്സരാർഥികളാണ് അഞ്ചുദിവസത്തെ മേളയിൽ മാറ്റുരക്കുന്നത്. ആദ്യദിവസമായ ബുധനാഴ്ച രാവിലെ 7.30 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. കന്നഡ സംസാരിക്കുന്നവർക്കായി പ്രത്യേകം കൗണ്ടർ തയാറാക്കി. സ്റ്റേജിതര മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്.

കാസർകോട് ഗവ. കോളജിലെ അഹ്മദ് അഫ്‌സൽ സ്ക്വയറിൽ കഥാകൃത്തും മീഡിയവൺ എഡിറ്ററുമായ പ്രമോദ് രാമൻ ഉദ്‌ഘാടനം ചെയ്തു. നിശ്ശബ്ദരായ കുട്ടികളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരേണ്ടത് കലയുടെ ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. കല കേവലം ഒരു രൂപം മാത്രമല്ല, ഒരു കാഴ്ചപ്പാടുകൂടിയാണ്. കാഴ്ചപ്പാടില്ലാതെ വെറുതെ ഒരു കലയുമുണ്ടാവില്ല. സമൂഹമായുള്ള ഇടപെടലുകളിലൂടെയാണ് കല വളരുന്നത്. സമൂഹത്തെ ജൈവപരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിനെ കലയെന്ന് പറയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സർവകലാശാല യൂനിയൻ ചെയർമാൻ അഡ്വ. എം.കെ. ഹസൻ അധ്യക്ഷത വഹിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. സാബു അബ്ദുൽ ഹമീദ് ആമുഖപ്രഭാഷണം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ കെ. സവിത, സിൻഡിക്കേറ്റ് അംഗങ്ങളായ എം.സി. രാജു, ഡോ. എ. അശോകൻ, എം. ശ്രീലേഖ, ഡോ. ടി.പി. നഫീസ ബീവി, ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ഹരിക്കുറുപ്പ്, സെനറ്റ് അംഗം ഡോ. കെ. വിജയൻ, എൻ.എ. അബൂബക്കർ, അർജുനൻ തായലങ്ങാടി, ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ആൽബിൻ മാത്യു, ബി.കെ. ഷൈജിന, കെ. അജയ് കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement