12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ തുടക്കം





സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ തുടക്കമാകും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കുട്ടികളുടെ വാക്സിനേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് പന്ത്രണ്ട് വയസ് മുതലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കുന്നത്.

ഇതുവരെ 14 വയസ് മുതലുള്ള വിദ്യാർത്ഥികൾക്കായിരുന്നു വാക്സിൻ നൽകിയിരുന്നത്. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് 12 വയസുമുതലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. പൈലറ്റടിസ്ഥാനത്തിലാണ് വാക്സിനേഷന് തുടക്കമാകുന്നത്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കും.
വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കും.

നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‍റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‍റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്.
12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുക. വാക്‌സിനുകള്‍ മാറാതിരിക്കാന്‍ പ്രത്യേക ക്രമീകരണം ആരോഗ്യ വകുപ്പ് ഏർപ്പെടുത്തി. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

കേന്ദ്ര പോര്‍ട്ടലായ കോവിന്നില്‍ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സംവിധാനം ആയിട്ടില്ല. അതിന് ശേഷമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
നിലവിൽ പരീക്ഷാ കാലമായതിനാൽ വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പ്രത്യേക പദ്ധതി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിക്കും

Post a Comment

Previous Post Next Post

Join Whatsapp

Advertisement