വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം





കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്‌ഥയിലാണ് ജാമ്യം. ആറാം തീയതി അറസ്‌റ്റിലായ ഏഴ് പ്രതികളിൽ നിപുൺ ഒഴികെ മറ്റ് ആറ് പേർക്കും നേരത്തെ എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു.
പാലത്തിന്റെ ഉദ്ഘാടനത്തിന് മുമ്പേ ഒന്നാം പ്രതിക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി അന്ന് ജാമ്യം നിഷേധിച്ചത്. തേവരയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് നിപുൺ കുറ്റമാവർത്തിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു വാദം.
കഴിഞ്ഞ ഡിസംബർ 31ന് പാലം തുറന്ന് കൊടുക്കുന്നുവെന്ന ആഹ്വാനം വഴി വി ഫോർ കേരള ക്യാംപെയ്ൻ കൺട്രോളറായ നിപുൺ ചെറിയാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘം ചേരാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കുക, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സംഘടിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഏഴ് പ്രതികളെ മരട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Post a Comment

Previous Post Next Post

Join Whatsapp

Advertisement