പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി. ഏഴ് ഏരിയ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്‌തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കുമെന്നും പുതിയ ഏഴു പേരെ കണ്ടെത്തുമെന്നുമാണ് താക്കീത്. കഴിഞ്ഞ ദിവസം നടന്ന പന്തളം ഏരിയ കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം.
തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ ഏരിയ കമ്മറ്റി സെക്രട്ടറി ഇ ഫസലിനെ സ്‌ഥാനത്ത് നിന്നും മാറ്റിയിരുന്നു. തോൽവിക്ക് കാരണം സംഘടനാ പ്രവർത്തനത്തിലെ വീഴ്‌ചയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജില്ലാസെക്രട്ടേറിയറ്റ് അംഗം ഹർഷാകുമാറിനാണ് പകരം ചുമതല.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭ പിടിക്കാനായെങ്കിലും പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്‌ടം എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ്. നഗരസഭയിൽ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്.
പന്തളത്തുണ്ടായ വോട്ട് ചോർച്ച സിപിഎമ്മിൽ വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്ന് സംസ്‌ഥാന സമിതിയുടെ നിർദേശ പ്രകാരമാണ് പുതിയ നടപടി. പാർട്ടിക്ക് സ്വാധീനമുള്ളിടത്ത് ബിജെപി ഭരണം പിടിച്ചതിന്റെ പോരായ്‌മ നികത്തി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
Post a Comment