സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; ആതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍





തൃശൂര്‍ : ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ സുരക്ഷാ ആക്ഷേപവുമായി പ്രദേശവാസികള്‍. ആവശ്യത്തിന് സുരക്ഷ സഞ്ചാരികള്‍ക്ക് ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനായി കെട്ടിയ വേലി വെള്ളച്ചാട്ടത്തിനടുത്താണെന്ന പരാതി ഇപ്പോൾ ശക്തമാകുന്നത്. സുരക്ഷാ വേലിയുടെ അടുത്തുവരെ വരെ പോകുന്ന സന്ദര്‍ശകര്‍ക്ക് വലിയ അപകടമാണ് ഉണ്ടാകാന്‍ ഇടയുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളച്ചാട്ടം ഏത് നിമിഷം വേണമെങ്കിലും ശക്തമാകാൻ ഇടയുണ്ട്. എപ്പോഴും വെള്ളച്ചാട്ടത്തില്‍ നിന്നും സുരക്ഷാവേലിവരെ വെള്ളം തെറിക്കുന്നത് പതിവാണ്. അതിനാല്‍ അവിടുത്തെ പാറകളില്‍ വലിയ രീതിയില്‍ വഴുക്കലും ഉണ്ടാകുന്നുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് സന്ദര്‍ശകര്‍ സുരക്ഷാവേലിക്ക് സമീപത്ത് വരെ പോകുന്നത്. സ്‌ത്രീകളും കുട്ടികളും അടക്കം യാതൊരുവിധ സുരക്ഷയുമില്ലാതെയാണ് സുരക്ഷാവേലിക്ക് സമീപം നിന്ന് വെള്ളച്ചാട്ടം കാണുന്നത്.
നിരന്തരമായി വെള്ളം വീണ് വഴുക്കല്‍ ഉണ്ടായതോടെ പാറയില്‍ നിന്നും കാല് വഴുതിയാല്‍ വലിയ പാറക്കെട്ടുകളിലേക്കും, ആഴങ്ങളിലേക്കുമാണ് ആളുകള്‍ പതിക്കുക. ഇതൊഴിവാക്കാന്‍ യാതൊരുവിധ മുന്‍കരുതലും ഇവിടെ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും, സുരക്ഷ ഒരുക്കാനും വനംവകുപ്പ് ജീവനക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും അതുമൂലം വേണ്ടത്ര ഫലം ഉണ്ടാകുന്നില്ലെന്ന ആരോപണവും പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement