കോവിഡിനെ മറികടന്ന് മലയാളികളുടെ മുത്തച്ഛന്‍



ദേശാടനം എന്ന സിനിമയിലൂടെ മലയാളികളുടെ മുത്തച്ഛനായി മാറിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി 98-ാം വയസ്സിൽ കോവിഡ് മഹാമാരിയെ അതിജീവിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് എല്ലാവരുമെന്ന് അദ്ദേഹത്തിന്റെ മകൻ ഭവദാസൻ നമ്പൂതിരി പറഞ്ഞു.

മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐ.സി.യുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് എല്ലാ ആശങ്കകൾക്കും വിരാമമിട്ട് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നുവെന്നും ഭവദാസൻ നമ്പൂതിരി പറഞ്ഞു.

കോവിഡ് കാലമായിരുന്നതിനാൽ ഇത്തവണ അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തിരുന്നില്ല. ജീവിതത്തിൽ ആദ്യമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതിരിക്കുന്നത്.

ആരോഗ്യത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേക ചിട്ടകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നു. പണ്ട് കാലത്ത് അച്ഛന് ജിം ഉണ്ടായിരുന്നു. അച്ഛന് പണ്ടേ ഫിറ്റ്നസ്സിൽ താത്പര്യമുണ്ടായിരുന്നു. ബോഡി ബിൽഡറായിരുന്നു- മക്കൾ പറയുന്നു. ജീവിതത്തിൽ തുടർന്ന ചിട്ടകൾ ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാൻ സഹായകമായി എന്നും അവർ പറയുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement