കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് ‌ അനുമതി


കണ്ണൂർ :കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർ കാർഗോ സംവിധാനം തുടങ്ങാൻ അനുമതിയായി. ബ്യൂറോ ഓഫ്‌ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്‌)യിൽനിന്നുള്ള റഗുലേറ്റഡ്‌ ഏജൻസി അംഗീകാരമാണ്‌ ലഭിച്ചത്‌. കസ്‌റ്റംസ്‌ വിഭാഗം  ഉദ്യോഗസ്ഥരെ നിയമിക്കുകയും നാഷണൽ ഇൻഫർമാറ്റിക്‌ സെന്റർ അവരുടെ ഐടി സോഫ്‌റ്റ്‌വെയർ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യുന്നതോടെ  വാണിജ്യാടിസ്ഥാനത്തിൽ കാർഗോ സർവീസ്‌ ആരംഭിക്കാനാകുമെന്ന്‌ കിയാൽ എംഡി വി തുളസീദാസ്‌ അറിയിച്ചു.  ആദ്യ കാർഗോ കോംപ്ലക്‌സിന്റെ അടിസ്ഥാന സൗകര്യങ്ങൾ  വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്പേ ഒരുങ്ങിയിരുന്നു. 1200 ചതുരശ്ര മീറ്റർ വിസ്‌തീർണവും 12,000 മെട്രിക്‌ ടൺ ചരക്ക്‌ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ളതാണ്‌ ഈ കാർഗോ കോംപ്ലക്‌സ്‌. ഇതിലും വലിയ മറ്റൊരെണ്ണത്തിന്റെ പ്രവൃത്തി നടന്നുവരികയാണ്‌. 5800 ചതരുശ്ര മീറ്റർ വിസ്‌തൃതിയും 55,000 മെട്രിക്‌ ടൺ ചരക്ക്‌ കൈകാര്യം ചെയ്യാൻ ശേഷിയും ഉണ്ടാകും രണ്ടാമത്തെ കാർഗോ കോംപ്ലക്‌സിന്‌.  കാർഗോ സർവീസ്‌ നടത്താനാവശ്യമായ ഏജൻസിയെയും ടെൻഡർ നടപടിയിലൂടെ നേരത്തേ  തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement