ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി : ഡി.ജി.പി ഋഷിരാജ് സിംഗ്




കണ്ണൂര്‍: ജയിലില്‍ മൊബൈല്‍ ഫോണ്‍ വിലക്ക് തടവുകാര്‍ക്ക് മാത്രമല്ല, ജീവനക്കാരും ഉദ്യോഗസ്ഥരും പുറത്ത് നിന്നു വരുന്ന ഉദ്യോഗസ്ഥരും സന്ദര്‍ശകരും ആരും ഇനി മുതല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ഡി.ജി.പി ഋഷിരാജ് സിംഗ് ഉത്തരവിറക്കി. ജയിലുകളില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ജീവനക്കാരന്‍ വിലക്ക് ലംഘിച്ച്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പണി കിട്ടുന്നത് അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ്. സൂപ്രണ്ടുമാര്‍ കര്‍ശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.

ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഗേറ്റ് കീപ്പറെ ഏല്‍പ്പിച്ച്‌ റസീറ്റ് വാങ്ങണമെന്നാണ് നിര്‍ദേശം. ജയിലുകള്‍ക്ക് പുറത്ത് ഇതു സംബന്ധിച്ച്‌ നോട്ടീസ് പതിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ജയില്‍ വകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സംഘം നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. ഇതിന് ചില ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണ് തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കിട്ടുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തടവുകാരെ കാണാനെത്തുന്ന സന്ദര്‍ശകരെയും വിശദമായ പരിശോധനക്ക് വിധേയമാക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ മൊബൈല്‍ ഫോണ്‍ കടത്തുന്നതും ജയില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്നലെ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അയച്ച ഉത്തരവിലാണ് ഡി.ജി.പിയുടെ അന്ത്യശാസനം.

വിവിധ രാഷ്ട്രീയ അക്രമ കേസുകളിലെ പ്രതികള്‍ ജയിലിലിരുന്ന് കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സമൂഹമാദ്ധ്യങ്ങളില്‍ വൈറലായിരുന്നു. ജയില്‍ ജീവനക്കാര്‍ ജയിലുകളിലെ ചില ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും ജയില്‍ വകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement