കര്‍ഷക സമരത്തിന് പിന്നില്‍ മറ്റ് ചിലര്‍, സമരം എന്തിനെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല; ഹേമ മാലിനി






ന്യൂഡെല്‍ഹി : രാജ്യതലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്, അവര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് പോലും അറിയില്ലെന്ന ആരോപണവുമായി നടിയും, ബിജെപി നേതാവുമായ ഹേമ മാലിനി രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അരങ്ങേറുന്ന സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്നും, അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഹേമ മാലിനി വ്യക്തമാക്കി.
കര്‍ഷക സമരത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലും കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി വിധിയെ ഹേമ മാലിനി സ്വാഗതം ചെയ്‌തു. നിലവില്‍ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ ഒന്ന് ശാന്തമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും അവര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങളെ പറ്റി പലതവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടും സമവായത്തിലെത്താന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല. കൂടാതെ കാര്‍ഷിക നിയമങ്ങളുടെ പ്രശ്‌നം എന്താണെന്ന് പറയാന്‍ അവർ തയ്യാറാകുന്നില്ലെന്നും, മറ്റാരോ പറയുന്നത് അനുസരിച്ച് കര്‍ഷകര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഹേമ മാലിനി ആരോപണം ഉന്നയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി പഞ്ചാബില്‍ കര്‍ഷകര്‍ മൊബൈല്‍ ടവറുകളും മറ്റും തകര്‍ക്കുന്നത് നല്ല കാഴ്‌ച ആയിരുന്നില്ലെന്നും, കര്‍ഷകരുടെ ഈ പ്രവര്‍ത്തിയുടെ ഫലമായി പഞ്ചാബില്‍ വലിയ വലിയ നഷ്‌ടമാണ് ഉണ്ടായതെന്നും ഹേമ മാലിനി വ്യക്‌തമാക്കി. അതേസമയം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായി തന്നെ രംഗത്ത് വരാനുള്ള തീരുമാനമാണ് കര്‍ഷക സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. നിയമങ്ങളില്‍ ചര്‍ച്ചയും സമരവും എന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമുള്ള സമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement