കേരളത്തിന്റെ ഗെയില്‍ സ്വപ്‌നം മോദി നാടിന് സമര്‍പ്പിച്ചു; പിണറായിയുടെ സഹകരണമില്ലായിരുന്നെങ്കില്‍ പദ്ധതി നടപ്പിലാകില്ലായിരുന്നുവെന്ന് കേന്ദ്രം


കേരളത്തിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിലേയും കര്‍ണ്ണാടകയിലേയും മുഖ്യമന്ത്രിമാരുടേയും ഗവര്‍ണര്‍മാരുടേയും സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് മോദി പദ്ധതി സമര്‍പ്പിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ കൊച്ചി- മംഗളൂരു പ്രകൃതിവാതകപദ്ധതിയാണ് ഗെയില്‍. ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവര്‍ പങ്കെടുത്തു.

ഗെയില്‍ പദ്ധതി സാക്ഷാത്ക്കാരത്തിനുണ്ടായിരുന്ന പ്രതിബന്ധങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. കേരളത്തിനു കര്‍ണാടകയ്ക്കും ഇന്ന് ഒരുപോലെ നിര്‍ണ്ണായകമായ ദിവസമാണെന്നും ഇരു സംസ്ഥാനങ്ങള്‍ക്കും നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പൈപ്പ് ഇരുസംസ്ഥാനങ്ങള്‍ക്കും സാമ്പത്തികപുരോഗതി കൊണ്ടുവരുമെന്നും നികുതി വരുമാനം വര്‍ധിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണമില്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ലെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇത് ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു. ഗെയില്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സര്‍ക്കാര്‍ വാക്കുപാലിച്ചെന്നും സംയുക്തസംരംഭം ഫലം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement