കൊച്ചി: തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് പ്രതിസന്ധി തുടരുന്നെന്ന് റിപ്പോര്‍ട്ട്. തിയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ നിലപാട്.
ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച് ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
‘കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരുതലുകള്‍ എടുത്ത് നിയന്ത്രണങ്ങള്‍ കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാര്‍ഗം, മാനസിക, സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. സിനിമാശാലകള്‍ ജനുവരി 5 മുതല്‍ തുറക്കാം. ഒരു വര്‍ഷമായി തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ പ്രതിസന്ധിയിലാണ്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വില്‍ക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഇല്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണം’, മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.
രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. തിയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇതില്‍ തീരുമാനമായിരുന്നില്ല.
Post a Comment