കണ്ണൂർ: കെ എസ് ഇ ബിയുടെയും കെ എസ് ഐ ടി ഐ എല്ലിൻ്റെയും സംയുക്ത സംരഭമായ കെ ഫോൺ പദ്ധതി ആദ്യഘട്ടത്തിൽ 730 കിലോമീറ്ററിൽ ലൈൻ പൂർത്തിയാക്കി. ജില്ലയിൽ 870 കേന്ദ്രങ്ങളിലാണ് കെ ഫോൺ ഈ ഘട്ടത്തിൽ ലഭ്യമാകുക. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻ്റർനെറ്റ് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ ഫോൺ ശൃംഖലയുടെ ഭാഗമായി ജില്ലയിലുള്ള 31 സബ് സ്റ്റേഷനുകളിൽ 12 എണ്ണം കണക്ട് ചെയ്തു. മുണ്ടയാടാണ് മെയിൻ ഹബ്. 40 കിലോമീറ്റർ ലൈൻ വലിക്കലാണ് ആദ്യ ഘട്ടത്തിൽ ബാക്കിയുള്ളത്. ഇത് പൂർത്തിയാക്കി 50 എൻഡ് ഓഫീസുകളിലേക്കുള്ള കണക്ഷൻ കൂടി നൽകുന്നതോടെ ആദ്യഘട്ടം പൂർത്തിയാകും. മുണ്ടയാട്, കാഞ്ഞിരോട്, കൂത്തുപറമ്പ്, പിണറായി, തോലമ്പ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്, തോട്ടട, തളിപ്പറമ്പ്, മാങ്ങാട് എന്നീ പ്രദേശങ്ങളിൽ ആദ്യ ഘട്ടത്തിൽ കെ ഫോൺ ലഭ്യമാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷത്തിലധികം വീടുകളിലേക്കാണ് കെ ഫോൺ പദ്ധതി വഴി സൗജന്യമായി ഇൻ്റർനെറ്റ് എത്തിക്കുക. കുട്ടികളുടെ ഓൺലൈൻ പഠനത്തിനും മറ്റും ഇത് സഹായകമാകും.
Post a Comment