മോട്ടോര്‍ വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി




തിരുവനന്തപുരം:നികുതി കുടിശിക വരുത്തിയ വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുവാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. നാല് വര്‍ഷത്തേയോ അതിന് മുകളില്‍ എത്രവര്‍ഷത്തേയോ കുടിശികയുണ്ടെങ്കിലും അവസാന നാല് വര്‍ഷത്തെ മാത്രം നികുതി കുടിശികയുടെ 30 ശതമാനം അടച്ച് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടേയും 40 ശതമാനം അടച്ച് മോട്ടോര്‍ സൈക്കിള്‍ , മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടേയും 31-3-2020 വരെയുള്ള കുടിശിക തീര്‍പ്പാക്കാം.

വാഹനം നശിച്ചു പോയവര്‍ക്കോ വാഹനം മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യപ്പെട്ട ശേഷം പേര് മാറാതെ നിങ്ങളുടെ പേരില്‍ തന്നെ കിടക്കുകയും വാഹനത്തെ കുറിച്ച് യാതൊരു അറിവ് ഇല്ലാത്തവര്‍ക്കും വാഹനം മോഷണം പോയവര്‍ക്കും ഇതുവരെയുള്ള നികുതി കുടിശിക വളരെ കുറഞ്ഞ നിരക്കില്‍ അടയ്ക്കാമെന്നതും ഭാവിയിലുള്ള നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാവുന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ച് നിങ്ങളുടെ പേരിലുണ്ടായിരുന്ന പഴയ ഒരു വാഹനം ഇപ്പോഴും നിങ്ങളുടെ പേരില്‍ തന്നെയാണെന്നും അതിന് നാല് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശിക ഉണ്ടെന്നും ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ വാഹനത്തിന്റെ ഒരു രേഖയും കൈവശമില്ലായെങ്കില്‍ പോലും ഒരു വെള്ള പേപ്പറില്‍ അപേക്ഷ എഴുതി ബന്ധപ്പെട്ട ആര്‍ടിഓ / ജോയിന്റ് ആര്‍ടിഓയെ സമീപിച്ചാല്‍ നികുതി കുടിശിക ഈ പദ്ധതി വഴി തീര്‍പ്പാക്കാന്‍ സാധിക്കും.

നികുതി കുടിശിക അടയ്ക്കുവാനും ഭാവിയില്‍ വരാവുന്ന നികുതി ബാധ്യത ഒഴിവാകാനും മാത്രമെ ഈ അവസരം വഴി സാധിക്കുകയുള്ളൂ. എന്നാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ആകില്ല. വാഹനത്തിന്റെ ഫൈനാന്‍സ്, വാഹനത്തിന്റെ ചെക്ക് റിപ്പോര്‍ട്ട്, വാഹനം സംബന്ധിച്ച മറ്റ് ബാധ്യതകള്‍ എന്നിവയില്‍ നിന്നും നിങ്ങള്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇത്തരം ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനായി ഫൈനാന്‍സുള്ള വാഹനത്തിന്റെ ഫൈനാന്‍സും തീര്‍പ്പാക്കി വാഹനത്തിന്റെ മറ്റ് ബാധ്യതകളും തീര്‍പ്പാക്കി രജിസ്‌ടേഷന്‍ സര്‍ട്ടിഫിക്കേറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ആര്‍ടിഓ / ജോ. ആര്‍ടിഒയെ സമീപിക്കാവുന്നതാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement