ബ്രിട്ടീഷ് കമ്പനിയായ ഫൈസറിൻ്റെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല. ബ്രിട്ടണിൽ പരീക്ഷിച്ച് 95% ഫലം കണ്ടെത്തിയ വാക്സിനാണ് ഫൈസറിൻ്റേത്. രാജ്യത്ത് അടിയന്തിര വാക്സിന് ഉപയോഗത്തിന് ഫൈസർ അനുമതി തേടിയിട്ടുണ്ട്.അനുമതിയ്ക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ ഇന്ത്യക്ക് അപേക്ഷ നൽകി. ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരുമായി ചർച്ച നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചിരുന്നു. നേരത്തെ ബ്രിട്ടീഷ് സർക്കാർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വാക്സിൻ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചർച്ച പുരോഗമിക്കുകയാണെന്ന് ഫൈസറിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
അമേരിക്കൻ കമ്പനിയായ ഫൈസർ, ജർമൻ ഔഷധ കമ്പനിയായ ബയോടെകുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ഈ വാക്സിൻ അടുത്തയാഴ്ച മുതൽ ജനങ്ങളിൽ വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഫൈസറിന്റെ വാക്സിൻ നെഗറ്റീവ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതിനാൽ വലിയ ജനസംഖ്യയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വളരെ വലിയ വെല്ലുവിളി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വ്യക്തമായ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
Post a Comment