കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുന്നവരെയും പങ്കുവെക്കുന്നവരെയും കുടുക്കി പോലീസ്


തിരുവനന്തപുരം• ഐടി മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകള്‍ വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പങ്കുവച്ചത് ആറു മുതല്‍ 15 വയസു വരെയുളള കുട്ടികളുടെ നഗ്ന ചിത്രങ്ങളെന്ന് പൊലീസ്.

കുട്ടികളുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ സംസ്ഥാനത്ത് 41 പേരാണ് അറസ്റ്റിലായത്. എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം അനുസരിച്ച് 465 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളുള്ള മൊബൈല്‍ ഫോണുകളും, ടാബും, ആധുനിക ഹാര്‍ഡ് ഡിസ്‌കുകളും, മെമ്മറി കാര്‍ഡുകളും, ലാപ്‌ടോപ്പുകളും, കംപ്യൂട്ടറും അടക്കം 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്-6.

സുഖലോകം, സ്‌കൂള്‍, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പിലും നാനൂറിലധികം അംഗങ്ങളുണ്ടായിരുന്നു. 6 വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളാണ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തത്.

ഐടി മേഖലയില്‍ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകളാണ് ഗ്രൂപ്പുകളിലുണ്ടായിരുന്നത്. സാങ്കേതിക ജ്ഞാനം ഉള്ളതിനാല്‍, നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്. കുട്ടികളെ കടത്തുന്നതിലും ഇവര്‍ക്കു ബന്ധമുള്ളതിന്റെ സൂചനകള്‍ ചാറ്റില്‍നിന്നും ലഭിച്ചതായി പൊലീസ് പറയുന്നു.

കാണുന്ന നഗ്‌ന വിഡിയോകള്‍ നൂനത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികള്‍ ഉപയോഗിക്കുന്ന വെബ് ക്യാമിനകത്ത് വൈറസ് കയറ്റി വിട്ട് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായും കണ്ടെത്തി.

നഗ്‌ന വിഡിയോകള്‍ കാണുന്നവരില്‍ മിക്കവരും മൂന്നു ദിവസത്തിനിടയില്‍ അവരുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുമായിരുന്നു. പ്രത്യേക സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ഐപി വിലാസങ്ങള്‍ ശേഖരിച്ചും സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ വിവിധ ടൂളുകള്‍ ഉപയോഗിച്ചു ശേഖരിച്ചുമാണ് സൈബര്‍ ഡോം ഇവരെ കണ്ടെത്തിയത്..
കുറ്റവാളികളെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവികളുടെ കീഴില്‍ 320 ടീമുകളെ സജ്ജമാക്കി. സൈബര്‍സെല്‍ അംഗങ്ങളും സാങ്കേതിക വിദഗ്ധരും വനിതാ പൊലീസുകാരും ഉള്‍പ്പെടുന്നതായിരുന്നു ടീം. 27നു പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും വാട്‌സ്ആപ്പിലും ടെലഗ്രാമിലുമുള്ള അശ്ലീല ഗ്രൂപ്പുകള്‍ വര്‍ധിച്ചതായും പൊലീസ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയാനാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ പി ഹണ്ട് നടപ്പിലാക്കിയത്.
സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫിസര്‍ എ.ശ്യാംകുമാര്‍, രഞ്ജിത്ത് ആര്‍.യു., എ.അസറുദ്ദീന്‍, വിശാഖ് എസ്.എസ്., സതീഷ് എസ്., രാജേഷ് ആര്‍.കെ., പ്രമോദ് എ., രാജീവ് ആര്‍.പി.,ശ്യാം ദാമോദരന്‍ തുടങ്ങിയവരാണ് സൈബര്‍ ഡോം സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement