തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടുചോദിച്ചപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് സ്ഥാനാര്‍ത്ഥി. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി സി സാജിദ കിടപ്പാടമില്ലാത്ത നാല് കുടുംബങ്ങള്‍ക്കാണ് സ്വന്തം ഭൂമി വീതിച്ച് നല്‍കിയത്. പെരുവള്ളൂര്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡിലേക്ക് മത്സരിച്ച സാജിദ വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്നപ്പോഴാണ് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരെ കണ്ടത്. തന്നാല്‍ ആകുന്നത് ചെയ്യുമെന്ന് സാജിദ കുടുംബങ്ങള്‍ക്ക് വാക്കുകൊടുത്തു.
തെരഞ്ഞെടുപ്പ് റിസല്‍റ്റ് വന്നപ്പോള്‍ 42 വോട്ടിന് സാജിദ തോറ്റു. പക്ഷെ, പ്രചരണ സമയത്ത് കണ്ട കിടപ്പാടമില്ലാത്ത കുടുംബങ്ങളെ സാജിദ മറന്നില്ല. ജയിച്ചാലും തോറ്റാലും സഹായിക്കണമെന്ന തീരുമാനം മാറ്റിയതുമില്ല.
പറച്ചെനപ്പുറായയിലുള്ള 12 സെന്റ് സ്ഥലം നാല് പേര്‍ക്ക് വീതിച്ചു. രണ്ട് കുടുംബത്തിന് നല്‍കാനുള്ള ഭൂമി തെരഞ്ഞെടുപ്പ് ഫലം വന്ന് അധികം വൈകാതെ തന്നെ അളന്നുതിട്ടപ്പെടുത്തി. രണ്ട് കുടുംബങ്ങള്‍ക്ക് കൂടി ആധാരം രജിസ്റ്റര്‍ ചെയ്ത് ഉടന്‍ ഭൂരേഖകള്‍ കൈമാറും. സാജിദ വിട്ടുനല്‍കിയ സ്ഥലത്ത് വീട് പണി ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി താഹിറ കരീമാണ് സാജിദയെ 42 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. താഹിറ 516 വോട്ടുകളും സാജിദ 474 വോട്ടുകളും നേടി. പെരുവള്ളൂര്‍ പഞ്ചായത്ത് യുഡിഎഫ് തൂത്തുവാരിയിരുന്നു. 19 സീറ്റുകളില്‍ 16ലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. മൂന്ന് സ്വതന്ത്രര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.
Post a Comment