വിമാന സര്‍വീസ് നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍; പ്രതിസന്ധിയിലായി പ്രവാസികള്


യുകെയില്‍ അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ അതിര്‍ത്തി അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികളടച്ചത്. വിമാനസര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കും വിലക്കുണ്ട്. സൗദിയിലും ഒമാനിലും ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്. ഒമാനില്‍ ചൊവ്വാഴ്ച പകല്‍ പ്രാദേശിക സമയം ഒരു മണിമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. ജനുവരി ഒന്നുവരെയാണ് കുവൈത്തില്‍ നിയന്ത്രണങ്ങള്‍. അതിര്‍ത്തികളടച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലിസ്ഥലത്തേക്ക് പോവാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി.

അതേസമയം യുഎഇ, ബഹ്‌റിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കൊവിഡ് രോഗവാധയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യു.കെയിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.


ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, അയര്‍ലന്റ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, സ്വീഡന്‍, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

ഇതിനു പുറമെ തുര്‍ക്കി, സ്വിറ്റ്സര്‍ലന്റ്, കാനഡ, ഇസ്രായേല്‍, ഇറാന്‍, ക്രൊയേഷ്യ, അര്‍ജന്റീന, ചിലി, മൊറോകോ, കുവൈറ്റ്, സൗദി തുടങ്ങിയ രാജ്യങ്ങളും യുകെയിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

യുകെയിലെ പുതിയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. സമാന വൈറസ് സാന്നിധ്യം ഓസ്ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് അറിയിച്ചത്. ആദ്യ വൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസ്. അതേസമയം, ഇത് എത്രമാത്രം മാരകമാണെന്നോ മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement