തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തിയത് നേട്ടമാവുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങാത്തതിനെ ചൊല്ലി പ്രതിപക്ഷമുന്നണികള്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം കൊവിഡ് സാഹചര്യത്തില്‍ വെബ് റാലി ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രി നിരവധി തവണ കേരളത്തിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തിരുന്നു. ഡിസംബര്‍ ഏഴുമുതല്‍ ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പ്രചാരണത്തിനായി മുഖ്യമന്ത്രി നേരിട്ടെത്തി. മുന്‍ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. അതേസമയം, സര്‍ക്കാരിനെതിരായ ജനങ്ങളുടെ വിധിയെഴുത്താവും നാളെത്തെ തെരഞ്ഞെടുപ്പ് ഫലം എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വാദം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഭരണം നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ജില്ലയില്‍ നിലമെച്ചപ്പെടുത്തുമെന്നാണ് ബിജെപിയുടെ വാദം. ഇത്തവണ 78.81 ശതമാനം വോട്ടുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. 2015 ല്‍ ഇത് 80.91 ആയിരുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ആകെ 24 ഡിവിഷനുകളാണുള്ളത്. നിലവില്‍ എല്‍ഡിഎഫിനാണ് ഭരണം 2015ല്‍ 15 ഡിവിഷനുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത് (സിപിഐഎം-13, സിപിഐ-2)
യുഡിഎഫ് ആകെ ഒന്‍പതു സീറ്റുകളിലാണ് വിജയിച്ചത് ( കോണ്‍ഗ്രസ്- ആറ്, ലീഗ്-ഒന്ന്, എല്‍ജെഡി- ഒന്ന്, കേരളാ കോണ്‍ഗ്രസ് എം-1). യുഡിഎഫിന്റെ രണ്ട് ഡിവിഷനുകളില്‍ വിജയിച്ച ഘടകകക്ഷികളായ എല്‍ജെഡിയും കേരളാ കോണ്‍ഗ്രസ് എമ്മും ഇത്തവണ ഒപ്പമുണ്ടെന്നത് ഇടതുമുന്നണിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 2020ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലേക്കുള്ള തില്ലങ്കേരി ഡിവിഷനില്‍ വോട്ടെടുപ്പ് നടന്നില്ല. ബാക്കി 23 ഡിവിഷനുകളിലെ മാത്രം ഫലമാണ് നാളെ പുറത്തുവരിക. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഭരണം നേടാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. കഴിഞ്ഞ തവണത്തെ ഒന്‍പത് സീറ്റുകള്‍ക്കൊപ്പം ആറ് എണ്ണം കൂടി പിടിച്ചെടുക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. പന്ന്യന്നൂര്‍ ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഭാരവാഹിയായ ഫൈസല്‍ മാടായിയെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്.
കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച 15 ഡിവിഷനില്‍ നാലെണ്ണത്തില്‍ ഇരുപതിനായിരത്തിലേറെയും നാല് ഡിവിഷനില്‍ പതിനയ്യായിരത്തിലധികവുമാണ് ഭൂരിപക്ഷം. ഇവ ഇത്തവണയും മാറില്ലെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. കൂടാളി, കോളയാട്, അഴീക്കോട് ഡിവിഷനുകളില്‍ മാത്രമാണ് താരതമ്യേന കുറഞ്ഞ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് 285 വോട്ടിന് വിജയിച്ച തില്ലങ്കേരി പിടിച്ചെടുക്കുകയാണ് എല്‍ഡിഎഫിന്റെ പ്രധാന ലക്ഷ്യം. പക്ഷെ തില്ലങ്കേരി ഡിവിഷനില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഉളിക്കല്‍, ആലക്കോട് തുടങ്ങിയ മലയോര സീറ്റുകളും പിടിച്ചെടുക്കാമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. പി.പി ദിവ്യയാണ് എല്‍ഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
ബ്ലോക്ക് പഞ്ചായത്തുകള്‍-ആകെ 11
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും 2015ല്‍ എല്‍ഡിഎഫിനായിരുന്നു വിജയം. 2015ലെ സമ്പൂര്‍ണ വിജയം ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. 11 ബ്ലോക്കുകളിലായി ആകെയുള്ള 149 ഡിവിഷനുകളില്‍ 107 എല്‍ഡിഎഫ്. നേടി. അതില്‍ സിപിഐഎം -95, സിപിഐ- ഒന്‍പത്, എന്‍.സി.പി, ഐ.എന്‍.എല്‍, ഇടത് സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഓരോ ഡിവിഷന്‍ വീതവും ലഭിച്ചു.യു.ഡി.എഫ്- 42 (കോണ്‍ഗ്രസിന് മാത്രം- 30. ലീഗ്- ഏഴ്, കേരളാ കോണ്‍ഗ്രസ-് മൂന്ന്, എല്‍.ജെ.ഡി. -രണ്ട്)
ഇക്കുറി കേരളാ കോണ്‍ഗ്രസ് മാണിവിഭാഗവും എല്‍ജെഡിയും എല്‍ഡിഎഫിനൊപ്പമാണ്. മലയോരമേഖല ഉള്‍പ്പെടെയുള്ള ചില ഡിവിഷനുകളില്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്‌തേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാനൂര്‍, തലശേരി ബ്ലോക്കുകളില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണവിജയമാണ് ലഭിച്ചത്. പാനൂരില്‍ 13-ല്‍ 13-ഉം തലശേരിയില്‍ 14-ല്‍ 13-ഉം എല്‍ഡിഎഫിന്് ലഭിച്ചു. പാനൂര്‍ മേഖലയാണ് എല്‍ജെഡിയുടെയും ശക്തികേന്ദ്രം. ഇരിട്ടി, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, എടക്കാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ശ്രമം.
മുനിസിപ്പാലിറ്റികള്‍ ആകെ – 9 (മട്ടന്നൂര്‍ ഒഴികെ 8 ഇടത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത് )
എല്‍ഡിഎഫ്- അഞ്ച് മുനിസിപ്പാലിറ്റിയില്‍ ഭരണം (ആന്തൂര്‍, പയ്യന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ് , ഇരിട്ടി)
യുഡിഎഫ് – മൂന്ന് മുനിസിപ്പാലിറ്റിയില്‍ ഭരണം (തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പാനൂര്‍)
നിലവില്‍ ഇടതുപക്ഷം ഭരിക്കുന്ന ആന്തൂരില്‍ പ്രതിപക്ഷമില്ല. 27 സീറ്റുകള്‍ സിപിഐഎമ്മും ഒരു സീറ്റ് സിപിഐയും ആണ് വിജയിച്ചത്. ഇത്തവണ ആന്തൂരിലെ ആറ് വാര്‍ഡുകളിലും തളിപ്പറമ്പിലെയും തലശേരിയിലെയും ഓരോ വാര്‍ഡിലും സിപിഐഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൂത്തുപറമ്പില്‍ ഒരു സീറ്റ് കൂടി പിടിച്ചെടുത്താല്‍ ഇടതുപക്ഷത്തിന് സമ്പൂര്‍ണ്ണ വിജയം നേടാം
അതേസമയം, കൂത്തുപറമ്പില്‍ കഴിഞ്ഞ തവണ നാല് വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട ഒരു വാര്‍ഡ് പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇടതു കോട്ടയായ പയ്യന്നൂരില്‍ ഇത്തവണയും മാറ്റമുണ്ടാകില്ല. കോടിയേരി പഞ്ചായത്തിനെ കൂടി ചേര്‍ത്തതോടെ തലശേരിയും ഇടതിന്റെ ശക്തി കേന്ദ്രമായി മാറി. എന്നാല്‍ സീറ്റ് വര്‍ധിക്കുമെന്നാണ് യുഡിഎഫിന്റേയും ബിജെപിയുടേയും പ്രതീക്ഷ.സിഒടി നസീറിന്റെ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്. തളിപ്പറമ്പ് ഇത്തവണ നിലനിര്‍ത്താനാകുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. സിപിഐഎം ശക്തി കേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് -ബിജെപി പിന്തുണയോടെയാണ് വയല്‍ക്കിളികള്‍ മത്സരിക്കുന്നത്. തളിപ്പറമ്പില്‍ ഏഴ് വാര്‍ഡുകളില്‍ ശക്തമായ മത്സരമാണ്. ലീഗിന്റെ ശക്തികേന്ദ്രമായ പാനൂരും നിലനിര്‍ത്താനാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. എല്‍ജെഡിയുടെ മുന്നണി മാറ്റം ചലനമുണ്ടാക്കുമോയെന്ന് കണ്ടറിയണം.
ഇരിട്ടി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഇരിട്ടിയില്‍ കഴിഞ്ഞതവണ 33-ല്‍ 15 സീറ്റ് കിട്ടിയ യുഡിഎഫ് പ്രതിപക്ഷത്തും 13 സീറ്റ് കിട്ടിയ എല്‍ഡിഎഫ് ഭരണത്തിലുമായത് മുസ്ലിം ലീഗിലെ മൂന്നംഗങ്ങളുടെ കൂറുമാറ്റത്തെ തുടര്‍ന്നാണ്.ഇവിടെ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും എല്‍ഡിഎഫിന് ഭരണകാലാവധി തികയ്ക്കാനായി. അഞ്ച് സീറ്റ് നേടിയ ബി.ജെ.പി. ഇത്തവണ കൂടുതല്‍ വാര്‍ഡുകളില്‍ ജയിക്കുമെന്ന് അവകാശപ്പെടുന്നു. ബിജെപി നേടുന്ന സീറ്റുകള്‍ ഇത്തവണ ഇവിടെ നിര്‍ണായകമാകും ശ്രീകണ്ഠപുരത്ത് കഴിഞ്ഞതവണ 30-ല്‍ 14 സീറ്റ് ലഭിച്ച യു.ഡി.എഫ്. മൂന്ന് വിമതരുടെ പിന്‍ബലത്തിലാണ് ഭരണത്തിലെത്തിയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍വരെ ജയിച്ചവരുണ്ട്. വിരലിലെണ്ണാവുന്നത്ര മാത്രം വോട്ടിന്റെ ഭൂരിപക്ഷമുള്ള വാഡുകളില്‍ ഇത്തവണ കടുത്ത മത്സരമാണ്. ഇരുമുന്നണിയും മുനിസിപ്പാലിറ്റികളില്‍ വന്‍ ഭൂരിപക്ഷം അവകാശപ്പെടുന്നില്ല.
കോര്‍പ്പറേഷന്‍
കണ്ണൂര്‍ കോര്‍പ്പറേഷനായ ശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. ശതമാനം 72.54 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 2015 ല്‍ ഇത് 74.75 ശതമാനമായിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നതും കണ്ണൂര്‍ കോര്‍പ്പറേഷനിലാണ്. ആകെ 55 സീറ്റുകളില്‍ 2015 ല്‍ യുഡിഎഫ് 27, എല്‍ഡിഎഫ് 27, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. 2015 ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യ നാല് വര്‍ഷം എല്‍ഡിഎഫും ഒരു വര്‍ഷം യുഡിഎഫും സ്വതന്ത്രന്റെ പിന്തുണയില്‍ ഭരിച്ചു.
ഇതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിരവധി രാഷട്രീയ നാടകങ്ങള്‍ക്കും വേദിയായി
ഇത്തവണയും കോണ്‍ഗ്രസ് വിമതര്‍ ജയിക്കാന്‍ സാധ്യതയുണ്ട്. കാനത്തൂര്‍, തായത്തെരു എന്നീ ഡിവിഷനുകളിലെ വിമതര്‍ വോട്ട് പിടിക്കും. ജയിച്ചാലും യുഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് വിമതര്‍ പ്രഖ്യാപിച്ചതിനാല്‍ യു.ഡി.എഫിന് ആശങ്കയില്ല. ഒരു ഡിവിഷനില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. പരമ്പരാഗതമായി യുഡിഎഫിന്റെ ശക്തികേന്ദ്രമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഇത്തവണ 30-35 സീറ്റുകള്‍ നേടുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ. അതേസമയം കേവല ഭൂരിപക്ഷം നേടുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷ വെക്കുന്നു.
ഗ്രാമപഞ്ചായത്തുകള്‍ ആകെ-71
2015ല്‍ എല്‍ഡിഎഫ്- 52, യുഡിഎഫ് – 19. എല്‍ജെഡി ഇടതുമുന്നണിയിലേക്ക് മാറിയതോടെ കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ ഭൂരിപക്ഷം എല്‍ഡിഎഫിനായി. ആകെയുള്ള 1166 വാര്‍ഡുകളില്‍ 771 വാര്‍ഡുകളില്‍ എല്‍ഡിഎഫും 363 വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. ബി.ജെ.പി.ക്ക് 16 വാര്‍ഡുകളാണ് ലഭിച്ചത്. ഇതുവരെ കണ്ണൂര്‍ ജില്ലയില്‍ ഒരു പഞ്ചായത്തിലും ഭരണം പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
എല്‍ഡിഎഫ് ഭരിക്കുന്ന പത്ത് പഞ്ചായത്തുകളില്‍ പ്രതിപക്ഷമില്ല.ഏഴ് പഞ്ചായത്തുകളില്‍ ഒരു പ്രതിപക്ഷാംഗം മാത്രമാണുള്ളത്. യുഡിഎഫ് ഭരിക്കുന്ന മാട്ടൂല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അംഗങ്ങളില്ല. ഒരു വാര്‍ഡില്‍ വിജയിച്ച എസ്ഡിപിഐയാണ് മാട്ടൂലില്‍ പ്രതിപക്ഷം. ഇത്തവണ പത്രികാസമര്‍പ്പണം കഴിഞ്ഞപ്പോള്‍ തന്നെ മലപ്പട്ടത്ത് അഞ്ചും കാങ്കോല്‍ ആലപ്പടമ്പില്‍ മൂന്നും അടക്കം പത്ത് പഞ്ചായത്തുവാര്‍ഡില്‍ സിപിഐഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.വളപട്ടണം പഞ്ചായത്തില്‍ ഇത്തവണ ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കുന്നത്. ജില്ലയിലെ മലയോര മേഖലയിലാണ് യു.ഡി.എഫിന് ആധിപത്യം. 15 പഞ്ചായത്തെങ്കിലും കൂടുതലായി നേടുമെന്ന് യു.ഡി.എഫ്. പറയുന്നു. നാറാത്ത്, രാമന്തളി, ചെങ്ങളായി, കടമ്പൂര്‍, കേളകം തുടങ്ങിയ പഞ്ചായത്തുകളാണ് യു.ഡി.എഫ്. കൂടുതല്‍ പ്രതീക്ഷിക്കുന്നത്.കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിലൂടെ ഉദയഗിരി, ചെറുപുഴ പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കാമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. ഇരുമുന്നണികള്‍ക്കും പലയിടത്തും വിമത ഭീഷണിയുണ്ട്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടര ലക്ഷത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഇത് ആര്‍ക്ക് അനുകൂലമാകുമെന്ന് പ്രവചിക്കുക അസാധ്യം
Post a Comment