കോവിഡ് വാക്‌സിന്‍: പ്രതികൂല സാഹചര്യങ്ങളും ഉണ്ടായേക്കാം; മുന്‍കരുതല്‍ വേണം - കേന്ദ്രം.

വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യു.കെയില്‍, ആദ്യ ദിവസംതന്നെ പ്രതികൂല സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു



ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യു.കെയില്‍, ആദ്യ ദിവസംതന്നെ പ്രതികൂല സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാക്‌സിനേഷന് പിന്നാലെ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. രാജ്യവ്യാപക വാക്‌സിനേഷന്‍ പരിപാടികള്‍ നാം ദശാബ്ദങ്ങളായി നടത്തിവരുന്നതാണ്. ഇവയ്ക്ക് പിന്നാലെ കുട്ടികളിലും ഗര്‍ഭിണികളിലും ചില പ്രതികൂല ഫലങ്ങള്‍ കണ്ടിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
29,000 കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍, 240 വാക്ക് ഇന്‍ കൂളറുകള്‍, 70 വാക്ക് ഇന്‍ ഫ്രീസറുകള്‍, 45,000 ഐസ് ലൈന്‍ഡ് റെഫ്രിജറേറ്ററുകള്‍, 41,000 ഡീപ്പ് ഫ്രീസറുകള്‍, 300 സോളാര്‍ റെഫ്രിജറേറ്ററുകള്‍ തുടങ്ങിയവയാണ് വാക്‌സിന്‍ വിതരണത്തിനായി ഉപയോഗിക്കുന്നത്. ഇവയെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. രാജ്യത്തെ കേസ് പെര്‍ മില്യണ്‍ (പത്ത് ലക്ഷത്തില്‍ എത്ര കേസുകള്‍) ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 7178 ആണ് ഇന്ത്യയിലെ കേസ് പെര്‍ മില്യണ്‍. 9000 ആണ് ആഗോള ശരാശരിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം തുടരുന്ന കര്‍ഷകര്‍ക്ക് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.
നിലവില്‍ ആറ് വാക്‌സിനുകളാണ് രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ളത്. ഈയാഴ്ച ഒരു വാക്‌സിനുകൂടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ പരീക്ഷണ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. ഫൈസര്‍ വാക്‌സിന്റെ അതേ സാങ്കേതികവിദ്യയാണ് ഈ വാക്‌സിനും പിന്തുടരുന്നത്. എന്നാല്‍ ഫൈറസില്‍നിന്ന് വ്യത്യസ്തമായി ഈ വാക്‌സിന്‍ സാധാരണ ശീതീകരണ സംവിധാനങ്ങളില്‍ സൂക്ഷിക്കാന്‍ കഴിയും. സാധാരണ ഫ്രഡ്ജില്‍പോലും വാക്‌സിന്‍ സൂക്ഷിക്കാമെന്നും ഡോ. വി.കെ പോള്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണത്തില്‍ ഡല്‍ഹി വന്‍ പുരോഗതി കൈവരിച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ ഡല്‍ഹി സര്‍ക്കാരിനെയും മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെയും അഭിനന്ദിക്കുന്നു. എന്നാല്‍ പല സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴും ആശങ്കകളുണ്ട്. കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, ഹമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി

Post a Comment

Previous Post Next Post

Join Whatsapp

Advertisement