പയ്യന്നൂർ: അടച്ചിടലിനെ തുടർന്ന് എട്ടുമാസത്തിലധികമായി പട്ടിണിയിലായ റെയിൽവേ കാറ്ററിങ് തൊഴിലാളികൾക്ക് പ്രതീക്ഷക്ക് വകനൽകി കടകൾ തുറക്കുന്നു. നിലവിൽ ഓടുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനുകളിലെ കടകൾ തുറന്നു പ്രവർത്തിക്കാനാണ് അനുമതി.
യാത്രക്കാർ കുറവാണെങ്കിലും വാടക നൽകാനുള്ള വകയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടക്കാർ.
ലോക്ഡൗൺ തുടങ്ങിയതോടെ റെയിൽവേയുടെ കീഴിൽ വിവിധ സ്റ്റേഷനുകളിൽ നടത്തുന്ന റെയിൽവേ കാറ്ററിങ് സ്റ്റാളുകളുടെയും ഭക്ഷണശാലകളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. ട്രെയിനുകളിലെയും പാൻട്രികാറുകളിലെയും ജീവനക്കാർക്കും നടത്തിപ്പുകാർക്കും ഒരു വിധത്തിലുള്ള സാമ്പത്തിക പാക്കേജോ സഹായങ്ങളോ അനുവദിച്ചിട്ടില്ല. റെയിൽവേ നേരത്തേ ചില കേന്ദ്രങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. കൂടുതൽ വണ്ടികൾ ഓടി തുടങ്ങിയതോടെയാണ് അൽപം ആശ്വാസമായത്.
സ്പെഷൽ വണ്ടികൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനുകളിലെ സ്ഥാപനങ്ങൾ മാത്രമാണ് ജൂൺ 29ന് റെയിൽവേ ഇറക്കിയ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുമതി. സ്പെഷൽ വണ്ടികൾക്ക് മുമ്പ് നിർത്തുന്ന സ്റ്റേഷനുകളിലൊന്നും ഇപ്പോൾ സ്റ്റോപ്പില്ല. ഇത്തരം സ്റ്റേഷനുകളിൽ തന്നെ നൂറു കണക്കിന് സ്റ്റാളുകളാണ് പൂട്ടിക്കിടക്കുന്നത്. തുറക്കാൻ അനുമതിയുള്ള കടകളുടെ വാടകയിനത്തിൽ മൂന്നു ശതമാനം മാത്രം നൽകിയാൽ മതിയെന്ന് തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും പൂട്ടിക്കിടന്ന കാലത്തെ വാടക സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുകയാണ്. മാർച്ച് 22 മുതൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ദിവസവേതനത്തിലും കമീഷൻ വ്യവസ്ഥയിലുമാണ് ജോലിചെയ്യുന്നത്. അതുപോലെ നടത്തുന്നവരുടെ കാര്യവും ഏറെ കഷ്ടത്തിലാണ്.
പൂട്ടിയിടുന്ന കാലയളവിൽ വാടകയിൽ ഇളവുവരുത്തിയതായുള്ള ഒരുതീരുമാനവും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഉടമകൾ പറയുന്നത്. ലോക്ഡൗൺ കാലത്ത് എല്ലാ മേഖലകളിലും സാമ്പത്തിക പാക്കേജ് അനുവദിച്ചപ്പോഴും ഈ മേഖലയിലുള്ളവർക്ക് ഇതുവരെ ഒരു പാക്കേജും അനുവദിച്ചിട്ടില്ല. പ്രശ്നത്തിൽ ഇടപെടണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. റെയിൽവേ കാറ്ററിങ് തൊഴിലാളികൾക്കും കരാറുകാർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നും വാടക പിരിക്കുന്നതിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുമുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പി യുടെ ആവശ്യം മാസങ്ങൾ പിന്നിടുമ്പോഴും അവഗണനയിലാണ്.
റെയിൽവേ കാറ്ററിങ് തൊഴിലാളികൾക്ക് ഉടൻ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ റെയിൽവേസ് കാറ്ററിങ് കോൺട്രാക്ട് വർക്കേഴ്സ് യൂനിയനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment