ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക് : 46 ജീവനക്കാര്‍ക്ക് കൊവിഡ്


തൃശൂര്‍: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. എന്നാല്‍ പൂജകളും ചടങ്ങുകളും പതിവുപോലെ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 46 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.


അതേസമയം, സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement