400 വര്‍ഷത്തിനിടെ ആദ്യം:വ്യാഴവും ശനിയും അടുത്തുവരുന്ന ആപൂര്‍വ്വ ദൃശ്യം ഡിസംബര്‍ 21ന്


ന്യൂഡല്‍ഹി: 2020 ഡിസംബര്‍ 21-ന് ആകാശത്ത് അത്ഭുത കാഴ്ച്ച കാണാമെന്ന് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും അടുത്തായി വരുന്ന അത്യപൂര്‍വ്വതയാണ് അന്ന് ദൃശ്യമാകുക. നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ രണ്ട് ഗ്രഹങ്ങളും പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതായിട്ടാണ് തോന്നുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ തമ്മിലുള്ള അകലം ഏകദേശം 75 കോടി കിലോമീറ്ററായിരിക്കും. 'ഡിസംബര്‍ 21 ന് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ വ്യാഴവും ശനിയും ഒരു ഇരട്ട ഗ്രഹമായി കാണപ്പെടും, കാരണം രണ്ട് ആകാശഗോളങ്ങളും സംയോജിക്കും.' ഹാര്‍വാര്‍ഡിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് വക്താവ് ആമി ഒലിവര്‍ പറഞ്ഞു. വ്യാഴം ഏകദേശം 12 വര്‍ഷം കൊണ്ടും ശനി 30 വര്‍ഷം കൊണ്ടുമാണ് സൂര്യനെ ചുറ്റുന്നത്. ഇതിനിടയില്‍ ഏകദേശം 20 വര്‍ഷം കൂടുമ്പോള്‍ വ്യാഴം ശനിയെ മറികടക്കും. ആ സന്ദര്‍ഭത്തില്‍ അവ തമ്മില്‍ ആകാശത്ത് കോണളവില്‍ ചെറിയ അകലമേ ഉണ്ടാകൂ. ഇത്തവണ ഈ രീതിയിലുള്ള ഗ്രഹയോഗം നടക്കുന്നത് ഡിസംബര്‍ 21-നാണ്. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള കോണീയ ദൂരം അന്ന് 0.1 ഡിഗ്രിയായി കുറയും. പൂര്‍ണ ചന്ദ്രന്റെ വ്യാസം ഉണ്ടാക്കുന്ന കോണളവിന്റെ അഞ്ചിലൊന്നു മാത്രമാണിത്. അകലം ഇത്ര കുറയുന്നത് അത്യപൂര്‍വ്വമാണ്. ഇതിനു മുമ്പ് അവ ഇത്രമാത്രം അടുത്തു വന്നത് 1623-ലാണ്. ഗലീലിയോ ആദ്യ ദൂരദര്‍ശിനി നിര്‍മിച്ച് 14 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement