തലശ്ശേരി : തലശ്ശേരി നഗരത്തിൽ കാൽനടയാത്രക്കാരനെ കത്തികാണിച്ച് അടിച്ച് വീഴ്ത്തി കൊള്ളയടിച്ചു. അക്രമി സംഘത്തിലെ രണ്ട് പ്രതികളെ സർക്കിൾ ഇൻസ്പെക്ടർ സനിൽകുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പുലർച്ചെ പുതിയ ബസ് സ്റ്റാൻഡിലെ ബ്രദേഴ്സ് ലൈനിൽ ആണ് സംഭവം. കോടിയേരി പപ്പൻ പീടികക്കടുത്ത് കിഴക്കയിൽ വീട്ടിൽ കെ.കെ രാധാകൃഷ്ണൻ (44), മുഴപ്പിലങ്ങാട് സഫിയ മൻസ്സിൽ റിയാസ് (35) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന കുട്ടിമാക്കൂൽ സ്വദേശി സുരേന്ദ്രനാണ് അക്രമത്തിനിരയായത്. ഇയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അടിച്ചു വീഴ്ത്തിയ മൂന്നംഗസംഘം ഇയാളുടെ കൈവശം ഉണ്ടായിരുന്ന 45,000 രൂപ കവർന്നെടുക്കുന്നു. സുരേന്ദ്രൻ്റെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് മണിക്കൂറുകൾക്കകം തന്നെ പ്രതികളെ പിടികൂടി. പിടിയിലായ പ്രതികളിൾ നിന്ന് 40,000 രൂപയും പോലീസ് കണ്ടെത്തി. പ്രതികളെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായ രണ്ടുപേരും മറ്റു കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി 8 ലക്ഷം കവർന്നതിന് പിന്നാലെയാണ് വീണ്ടും സമാനമായ കവർച്ച നടന്നത്. ഇതിനുപുറമേ പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള രണ്ട് ജ്വല്ലറികളിലും കവർച്ച ശ്രമം നടന്നിരുന്നു. 8 ലക്ഷം കവർന്ന സംഘത്തിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post a Comment