കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റുമായി പബ്ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയിലെത്തിയതിനു പിന്നാലെയാണ് ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ധാരണ പ്രകാരം യുഎസ് ഭീമന്മാരായ മൈക്രോസോഫ്റ്റാവും പബ്ജിയിലെ യൂസർ വിവരങ്ങൾ സൂക്ഷിക്കുക. ഇതോടെ ചൈന യൂസർ ഡേറ്റ ചോർത്തുന്നു എന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ ആശങ്ക ഒഴിവാക്കാൻ കഴിയുമെന്ന് പബ്ജി കണക്കുകൂട്ടുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മൈക്രോസോഫ്റ്റിൻ്റെ അസൂർ ക്ലൗഡ് നെറ്റ്‌വർക്കാവും ഇനി യൂസർ ഡേറ്റ സൂക്ഷിക്കുക. പബ്ജി, പബ്ജി മൊബൈൽ, പഞ്ഞി ലൈറ്റ് എന്നിങ്ങനെ എല്ലാ ഗെയിമുകളിലും ഇത് ബാധകമാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ലോക്കൽ സെർവറുകളിലാവും അസൂർ സൂക്ഷിക്കുക. അതുകൊണ്ട് തന്നെ വിവരങ്ങൾ രാജ്യം വിടുമെന്ന ആശങ്ക ഒഴിയും.
ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസൻ്റ് ഗെയിംസിൻ്റെ ചൈനയിലെ സർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെൻ്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.
ഗെയിം ഇന്ത്യയിൽ വിതരണം ചെയ്യാൻ പബ്ജി ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. എയർടെൽ, ജിയോ, പേടിഎം തുടങ്ങിയ കമ്പനികളുമായി പബ്ജി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം.
Post a Comment