തലശ്ശേരി : തലശ്ശേരി കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പരാതി. തലശ്ശേരി താലൂക്കിലെ നിരവധി റേഷൻ വ്യാപാരികൾ തട്ടിപ്പിനിരയായെന്നാണ് പ്രാഥമിക വിവരം. ഇരുപതോളം റേഷൻ കടയുടമകളുടെ പതിനഞ്ച് ലക്ഷത്തോളം നഷ്ടമായതായി ഇതിനകം വ്യക്തമായിട്ടുണ്ട്. റേഷൻ കടയുടമകൾ NFSA ലേക്ക് അടക്കാൻ നൽകിയ ലക്ഷങ്ങളാണ് ഇൻറർനെറ്റ് ഷോപ്പുടമ തട്ടിയെടുത്തത്. തലശ്ശേരി, പാനൂർ ,കൂത്തുപറമ്പ് എന്നിവിടങ്ങളിലെ റേഷൻ കടയുടമകൾ തട്ടിപ്പിനിരയായിട്ടുണ്ട്. തലശ്ശേരി സപ്ലേ ഓഫീസിന് മുന്നിൽ കട നടത്തുന്ന ഫറൂഖിനെതിരെയാണ് പരാതി. റേഷൻ കടയുടമകൾ NFSA ഡിപ്പോയിലേക്ക് അടക്കാൻ നൽകിയ പണമാണ് പല തവണയായി തട്ടിയെടുത്തത്. നേരത്തെ റേഷൻ കടകളിലേക്ക് വന്ന ലോഡിൻ്റെ പണമടച്ചാൽ മാത്രമെ അടുത്ത മാസം ലോഡ് അയക്കുമായിരുന്നുള്ളൂ. എന്നാൽ കോവിഡായതിനാൽ ഏപ്രിൽ മുതൽ സർക്കാർ നിർദ്ദേശപ്രകാരം ഈ പണമടക്കാതെ തന്നെ NFSA ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ലോഡ് അയച്ചിരുന്നു. ഓഗസ്റ്റ് മാസം മുതൽ ഇതിൻ്റെ പണം ഘട്ടം ഘട്ടമായി അടക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. തിരക്ക് കാരണം സമീപത്തെ കമ്പ്യൂട്ടർ ഷോപ്പുടമ ഫറൂഖിനെ പണം ഏൽപ്പിച്ച് ഓൺലൈനായി അടപ്പിക്കുകയായിരുന്നു പതിവ്. ആദ്യമൊക്കെ കൃത്യമായി പണമടച്ച ഫറൂഖ് പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വ്യാപാരികളെ കബളിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം റേഷൻ ഡിപ്പോയിൽ നിന്ന് എത്രയും വേഗം തുക അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസെത്തിയതോടെയാണ് വ്യാപാരികൾ തട്ടിപ്പ് നടന്ന വിവരം പോലും അറിയുന്നത്. സംഭവത്തെക്കുറിച്ച് തലശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പലരും ലക്ഷങ്ങളാണ് അടക്കാനുള്ളത്. ചമ്പാട് കുറിച്ചിക്കരയിലെ റേഷൻ കടയുടമ സുനിൽകുമാറിൻ്റെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിനിടെ റേഷൻ വ്യാപാരികൾക്ക് പുറമെ മറ്റു പലരും തട്ടിപ്പിനിരകളായതായും വിവരമുണ്ട്.
Post a Comment