സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വ്യവസായ -വാണിജ്യ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ക്ലസ്റ്റര്‍ വികസനം. ഉല്‍പ്പാദന ചെലവ് പരമാവധി കുറച്ചുകൊണ്ടുള്ള, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ചില വ്യവസായങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുകയാണ് ക്ലസ്റ്ററുകളിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏകീകൃതമായി ലഭ്യമാക്കാനുള്ള കോമണ്‍ ഫെസിലിറ്റി സെന്റര്‍ ഈ ക്ലസ്റ്ററുകളുടെ ഭാഗമാണ്.
സംസ്ഥാനത്ത് ഇതുവരെ 15 ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 11 പദ്ധതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മരവ്യവസായവുമായി ബന്ധപ്പെട്ട നാലാമത്തെ ക്ലസ്റ്ററാണ് തളിപ്പറമ്പിലേത്. ഇതിന്റെ ഭാഗമായ കോമണ്‍ ഫെസിലിറ്റി സെന്റര്‍ തളിപ്പറമ്പ് താലൂക്കിലെ പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 400 സൂക്ഷ്മ-ചെറുകിട യൂണിറ്റുകള്‍ ഈ ക്ലസ്റ്ററില്‍ ഉണ്ട്. ഇതില്‍ 53 യൂണിറ്റുകളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. 11 കോടി 65 ലക്ഷം രൂപ ചെലവ് വരുന്നതാണ് പദ്ധതി.
മരം അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെ വിവിധ ഘടകങ്ങള്‍ നിര്‍മ്മിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍, മരത്തടി സംസ്‌കരണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ചെറിയ തടിക്കഷ്ണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുക, പരിശീലനം നല്‍കുക തുടങ്ങിയ അനുബന്ധ സേവനങ്ങളും കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ഭാഗമായി നല്‍കും.
Post a Comment